കരട് പുറത്തിറങ്ങി; ലോകായുക്ത ഭേദഗതിബിൽ ബുധനാഴ്ച സഭയിൽ അവതരിപ്പിക്കും
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന്‍റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ലോകായുക്ത വിധി പുനഃപരിശോധിക്കാൻ സര്‍ക്കാറിന് അധികാരം നൽകുന്നതാണ് ബില്ലിലെ ഭേദഗതി.
ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ ഹിയറിങ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമനിർമാണത്തിനുവേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സര്‍ക്കാര്‍ സമര്‍പ്പിച്ച ഏഴ് ഓര്‍ഡിനൻസുകളിൽ ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബുധനാഴ്ച ബിൽ സര്‍ക്കാര്‍ നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. എൽ.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.ഐയുടെ നിലപാടും സഭയിൽ കൂടുതൽ നിര്‍ണായകമാവും. ലോകായുക്ത ഭേദഗതി സംബന്ധിച്ച് സി.പി.എമ്മിന്‍റേതിൽനിന്ന് വിരുദ്ധമായ അഭിപ്രായമാണ് സി.പി.ഐക്കുള്ളത്.