കശ്മീർ വിഷയത്തിൽ വിവാദ പരാമർശം: കെ.ടി.ജലീലിനെതിരെ പോലീസ് കേസെടുത്തു
പത്തനംതിട്ട: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്പൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിരുന്നു.
153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷനൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജലീലിന്റെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്. പരാമർശം ഉണ്ടായ ശേഷം ഈ മാസം 12ന് കീഴ്‌വായ്പൂർ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുൺ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജി നൽകിയത്.
പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമായിരുന്നു ജലീൽ എഴുതിയത്