Begin typing your search above and press return to search.
Latest >കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറി
തിരുവനന്തപുരം∙ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. എം.വി.ഗോവിന്ദന്‍ പുതിയ സെക്രട്ടറിയാകും. ആരോഗ്യ കാരണങ്ങളാലാണ് കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് കൊണ്ടുപോകും. നാളെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി സന്ദർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ (പിബി) അംഗം എം.എ.ബേബി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേർന്നിരുന്നു. രണ്ടാഴ്ച മുൻപു ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിർവഹിക്കുകയും ചെയ്തിരുന്നു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കെഎസ്വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്.
Next Story