ലഹരി വിൽപനക്കെതിരെ റെയ്ഡ്; ഒരാൾ അറസ്റ്റിൽ
അഞ്ചൽ: ഓണക്കാലം പ്രമാണിച്ച് വൻതോതിൽ ലഹരി വിൽപ്പന നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഏരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപക റെയ്ഡ് നടത്തി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് വിളക്കുപാറ നന്ദനം വീട്ടിൽ സന്തോഷിനെ (51) അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ലഹരി വില്പന നടത്തിയത് വഴി ലഭിച്ച 70,000 രൂപയും പിടിച്ചെടുത്തു.
കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ അബ്കാരി കേസുകളും മയക്കുമരുന്നു കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അബ്കാരി കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. പൊലീസിനോടൊപ്പം അഞ്ചൽ എക്സൈസും റെയ്ഡിൽ പങ്കെടുത്തു.
ഏരൂർ ഇൻസ്പെക്ടർ എം.ജി. വിനോദ്, എസ്.ഐ. ശരലാൽ എന്നിവർ നേതൃത്വം നൽകി. ഗ്രേഡ് എസ്.ഐ അബ്ദുൽ റഹീം, എ.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അനിമോൻ, ബിജു താജുദ്ദീൻ, തുഷാന്ത്, അനിത, സിനിൽ, ഹോം ഗാർഡ് ജയകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.