കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ദർശനത്തിന് ഭക്തജന തിരക്ക്

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര തിരുനട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്നു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. അയ്യപ്പ സ്വാമിയുടെ തിരുനടയിൽ നിന്ന് താക്കോൽ വാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറന്നു.

കന്നി ഒന്നായ 17ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമാല്യവും പതിവ് അഭിഷേകവും നടത്തും. 5.30ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. കന്നി ഒന്നിനും രണ്ടിനും ലക്ഷാർച്ചന നടക്കും.

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും. നട തുറന്ന ദിവസം ഭക്തജന തിരക്കും ഉണ്ടായിരുന്നു. 21-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടക്കും.

ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story