ബമ്പറടിച്ചത് സര്‍ക്കാരിന്, 66.5 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍, ലഭിച്ചത് 270 കോടി, കഴിഞ്ഞ വര്‍ഷം 124.5 കോടി

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് വിറ്റത് 66.5 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തിയതോടെ ടിക്കറ്റ് വില കൂടിയെങ്കിലും ബമ്പറെടുത്ത് ഭാഗ്യം…

തിരുവനന്തപുരം: ഈ വര്‍ഷം സംസ്ഥാനത്ത് വിറ്റത് 66.5 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തിയതോടെ ടിക്കറ്റ് വില കൂടിയെങ്കിലും ബമ്പറെടുത്ത് ഭാഗ്യം പരീക്ഷിച്ചവരുടെ എണ്ണവുമേറി. എന്നാല്‍, ശരിക്കും ബമ്പറടിച്ചത് സംസ്ഥാന സര്‍ക്കാരിനാണ്. ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ 270 കോടി രൂപയാണ് ഇതിനകം ഖജനാവിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 300 രൂപ വിലയുള്ള 54 ലക്ഷം ടിക്കറ്റുകളാണ് അന്നു വിറ്റത്.

സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. ഇക്കുറി ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി ലഭിച്ചു. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. ഇത്തവണ ആദ്യം 65 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഇന്നലെ ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.

Auto driver from Thiruvananthapuram wins Rs 25 cr Onam bumper lottery | The News Minute

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ തുടക്കത്തില്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍, വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ബമ്പര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റ് കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. പ്രതിദിനം നറുക്കെടുക്കുന്ന 40 രൂപയുടെ ടിക്കറ്റുകള്‍ക്കും ആവശ്യക്കാരേറിയെന്നു ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ ബമ്പര്‍ ടിക്കറ്റുകളില്‍ പൂജാ ബമ്പര്‍ 200 രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. അഞ്ച് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കി. 37 ലക്ഷം ടിക്കറ്റുകളാണ് അന്നു വിറ്റഴിഞ്ഞത്. അതേസമയം ക്രിസ്മസ് ബമ്പര്‍ 200 രൂപ ടിക്കറ്റിന് ഈടാക്കിയപ്പോള്‍ 31.62 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ആറു കോടി രൂപയാണ് ഒന്നാം സമ്മാനം നല്‍കിയത്. 250 രൂപ ടിക്കറ്റിന് ഈടാക്കി പുറത്തിറക്കിയ വിഷു ബമ്പര്‍ 43.63 ലക്ഷം വിറ്റഴിഞ്ഞിരുന്നു. പത്തു കോടി രൂപയാണ് ഒന്നാം സമ്മാനം നല്‍കിയത്. മണ്‍സൂര്‍ ബമ്പര്‍ 250 രൂപ നിരക്കിലാണ് വിറ്റഴിച്ചത്. 24.45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story