സാങ്കേതിക തകരാര്‍: പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ താനെ തുറന്നു; ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു
പറമ്പിക്കുളം അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തി. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, ഇന്നു രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ ഹരിത വി.കുമാർ അറിയിച്ചു.
ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങുകയോ അനാവശ്യമായി പുഴക്കരയിലേക്ക് പോവുകയോ ചെയ്യരുത്. സെക്കന്‍ഡില്‍ 600 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് എത്തുന്നത്. പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് മൂന്ന് മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും കലക്ടർ അറിയിച്ചു. പറമ്പിക്കുളത്ത് ഷട്ടര്‍ തകര്‍ന്നതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.