എ.കെ.ജി സെന്റർ അറസ്റ്റ്;  ഒരുപാടു ക്ഷമിക്കും, അതിരുവിട്ടാൽ നിയമം കയ്യിലെടുക്കും -കെ. സുധാകരൻ

എ.കെ.ജി സെന്റർ അറസ്റ്റ്; ഒരുപാടു ക്ഷമിക്കും, അതിരുവിട്ടാൽ നിയമം കയ്യിലെടുക്കും -കെ. സുധാകരൻ

September 22, 2022 Off By Editor

എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തുമെന്നു കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് ഒരുപാടു ക്ഷമിക്കും, അതിരുവിട്ടാൽ നിയമം കയ്യിലെടുക്കും. ഭരണകക്ഷി ആ അപകടകരമായ സാഹചര്യത്ത അഭിമുഖീകരിക്കേണ്ടി വരും. അറസ്റ്റിലായ ജിതിൻ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയെന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണ്. അങ്ങനെ ചെയ്തെങ്കിൽ, അത് അവർ എന്തോ കൊടുത്ത് ബോധമനസിനെ കെടുത്തി പറയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോൾ മറ്റൊരു യുവാവിന് ചോക്കലേറ്റു പോലൊരു സാധനം കൊടുത്ത് മയക്കി എന്തൊക്കെയോ പറയിപ്പിച്ചു. ആ യുവാവ് ഇപ്പോൾ ഡീ അഡിക്‌ഷൻ സെന്ററിൽ ചികിത്സയിലാണ്. ജിതിനും ചോക്കലേറ്റ് കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ നയമെന്താണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവാണ് പടക്കം എറിഞ്ഞത് എന്ന് അടുത്തുള്ള പെട്ടിക്കടക്കാരൻ പറഞ്ഞിട്ട് അന്വേഷണമില്ല. കോൺഗ്രസിന്റെ ആളുകളെ കണ്ടെത്തുകയാണ്. പൊലീസിന്റെ നടപടി കോൺഗ്രസ് നോക്കിയിരിക്കില്ല എന്നും സുധാകരൻ പറഞ്ഞു.

എ.കെ.ജി സെന്ററല്ല, അതിന്റെ അപ്പുറവും കോൺഗ്രസിന് പ്രശ്നമല്ല. കോൺഗ്രസിന് എ.കെ.ജി സെന്ററിനുനേരെ ഓലപ്പടക്കം എറിയേണ്ട കാര്യവില്ല. രാഷ്ട്രീയ ലക്ഷ്യം അവർ പറയട്ടെ. കെ.പി.സി.സി ഓഫിസ് ആക്രമിച്ച് ഫർണിച്ചർ തകർത്തതാണ് അന്വേഷിക്കേണ്ടത്. സി.പി.എമ്മിന് എന്തു വൃത്തികടേും ചെയ്യാം. അതിനൊക്കെ കോൺഗ്രസ് പ്രവർത്തകരെ കരുവാക്കുകയാണെന്നും സുധാകരൻ പറഞ്ഞു.