ഗേറ്റിന് പുറത്താക്കി വാതിലടച്ചു; അമ്മയും കുഞ്ഞും രാത്രി മുഴുവൻ പെരുവഴിയിൽ, ഭർതൃവീട്ടുകാരുടെ ക്രൂരത " സ്ത്രീധന പീഡനമെന്ന് പരാതി "

കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭർതൃവീട്ടുകാർ. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളിൽ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കൽ നിൽക്കുകയാണ് അഞ്ചുവയസ്സുകാരനും അമ്മയും

തഴുത്തല പി കെ ജങ്ഷൻ ശ്രീനിലയത്തിൽ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളിൽ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടുകയായിരുന്നു. പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി.

അതുല്യയുടെ വാക്കുകളിലൂടെ:

‘‘ഇന്നലെ രാത്രി മോനെ വിളിക്കാൻ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ വന്നതോടെ ഞാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫയറിലും അറിയിച്ചും. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല’’ – അതുല്യ പറഞ്ഞു.

‘‘ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നിൽ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതിൽവഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോൾത്തന്നെ ഭർത്താവിന്റെ അമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്തു’’ – അതുല്യ വിശദീകരിച്ചു.

‘‘വിവാഹം കഴിച്ചു വന്നതു മുതൽ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം.’– അതുല്യ പറഞ്ഞു.

‘‘എന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്പോഴേയ്ക്കും വീട് എഴുതിത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്കൂളിൽ ചേർത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതൽ പ്രശ്നങ്ങളുണ്ടാക്കുകയാണ്. ഈ വീടും വസ്തവും മറ്റാരുടെയോ പേരിൽ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്’ – അതുല്യ പറയുന്നു

lady-son-ousted-from-husbands-house-over-dowry-harassment-kollam-news

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story