കാതോലിക്കാ ബാവ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി

കാതോലിക്കാ ബാവ ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി

October 9, 2022 0 By Editor

മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഇന്ത്യൻ ഒർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാൾ, വാർഷികാഘോഷങ്ങളിൽ പ​ങ്കെടുക്കുന്നതിനാണ് കാതോലിക്ക ബാവ ബഹ്റൈനിൽ എത്തിയത്.

സ്നേഹത്തി​െന്റയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സഹവർത്തിത്വവും സ്നേഹവും മതങ്ങൾ തമ്മിലുള്ള സഹിഷ്ണതയും പുലർത്താൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും രാജ്യത്തെ മറ്റ് ചർച്ചുകളും ചെയ്യുന്ന സേവനങ്ങളെയും രാജാവ് അഭിനന്ദിച്ചു.

പുരാതന കാലം മുതൽ വിവിധ മതങ്ങളുടെ ആചാരങ്ങൾ ബഹ്റൈനിൽ നിലനിൽക്കുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ രാജാവ് പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്വം ഉൾക്കൊള്ളുന്നവരാണ് രാജ്യത്തെ ജനങ്ങൾ. സഹവർത്തിത്വത്തി​െന്റയും സാ​ഹോദര്യത്തി​െന്റയും പരസ്പര സംഭാഷണത്തി​െന്റയും പാതയിൽ മുന്നോട്ട് പോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവ് പറഞ്ഞു.

വിവിധ മതങ്ങളെ സ്വീകരിക്കുന്ന ബഹ്റൈൻ നിലപാടിനെ കാതോലിക്ക ബാവ അഭിനന്ദിച്ചു. ഹമദ് രാജാവി​െന്റ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു.