പുതുനീക്കവുമായി ബിജെപി; "സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍"'കീഴ് വഴക്കം മറികടന്ന് തീരുമാനം
മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്.കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.
സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണയായി പാര്‍ട്ടി പ്രസിഡന്റും മുന്‍പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്.
കെ സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സുരേഷ് ഗോപി നിഷേധിച്ചിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തില്‍ പിടിച്ചുകയറാന്‍ പറ്റാത്തതില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം പൂര്‍ണപിന്തുണ നല്‍കിയിട്ടും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മുന്നേറ്റത്തിന് തടസമാകുന്നതെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോഴും തുടരുകയാണ്. ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന്റെ പ്രസിഡന്റ് കാലാവധി ജനുവരിയില്‍ അവസാനിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഉള്‍പ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ഗോപി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.