കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗെ നയിക്കും ; ആയിരത്തിലധികം വോട്ടു നേടി ഒറ്റയാനായി തരൂരിന്റെ ശക്തിപ്രകടനം

ന്യൂഡൽഹി ∙ കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോൺഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.

നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.

തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂർ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ബാലറ്റ് പെട്ടികൾ കൊണ്ടുപോയതിൽ ഉൾപ്പെടെ തരൂർ പക്ഷം പരാതി നൽകി. വ്യാപക ക്രമക്കേടു നടന്ന ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകൾ മാത്രം മറ്റു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂർ പക്ഷത്തിന്റെ ആരോപണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story