സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ; തള്ളി മുഖ്യമന്ത്രി
തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതു സംബന്ധിച്ച് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
ന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവർണർ കത്തിൽ പറയുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫിസിന്റെ അന്തസ്സ് ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ കത്തിൽ പറയുന്നു.
യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ പറയുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.
നേരത്തെയും വിവാദ പ്രസ്താവനകളിൽ മന്ത്രിമാർക്കെതിരെ ഗവർണർ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു