താമരശ്ശേരി ചുരത്തിലൂടെ ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു: മറ്റു വാഹനങ്ങള്‍ പ്രവേശനമില്ല

താമരശ്ശേരി ചുരത്തിലൂടെ ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു: മറ്റു വാഹനങ്ങള്‍ പ്രവേശനമില്ല

June 17, 2018 0 By Editor

വൈത്തിരി: മണ്ണിടിഞ്ഞു റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നിലച്ചുപോയ താമരശ്ശേരി ചുരത്തിലൂടെയുള്ള ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഷട്ടില്‍ സര്‍വ്വീസായി ആയി ആണ് ചുരത്തിലൂടെ ഓടുന്നത്. ഇന്നലെ ചുരം ചിപ്പിലിത്തോട് വെച്ച് നടന്ന മന്ത്രിതല യോഗത്തില്‍ വെച്ച എടുത്ത തീരുമാണ് പ്രകാരമാണ് കെ.എസ.ആര്‍.ടി.സി ഷട്ടില്‍ സര്‍വ്വീസ് ആരംഭിച്ചത്.

ഇതുപ്രകാരം കോഴിക്കോട് നിന്നും ബസ്സുകള്‍ ചിപ്പിലിത്തോട് വരെ വന്നു ആളെ ഇറക്കി അവിടെ എത്തിയ യാത്രക്കാരെ കയറ്റി തിരച്ച് വരും. അതേപോലെ വയനാട്ടിലെ ബത്തേരി, മാനന്തവാടി,കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ റോഡ് ഇടിഞ്ഞതിനു മുന്‍പുള്ള ഹോട്ടല്‍ പരിസരത്തെത്തി തിരികെ പോരും. രാവിലെ ഏഴുമണിയോടെ ആദ്യത്തെ ബസ്സ് കോഴിക്കോട് നിന്നും എത്തി. യാത്രക്കാരെ സഹായിക്കാന്‍ താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി വോളണ്ടിയര്‍മാരും സേവനം ചെയ്യുന്നുണ്ട്.

മറ്റു വാഹനങ്ങള്‍ക്കൊന്നും ചുരത്തില്‍ പ്രവേശനമില്ലെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ഒന്നാം വളവിനും രണ്ടാം വളവിനുമിടയില്‍ മണ്ണിടിഞ്ഞിരുന്നു. റോഡിന്റെ ടാറിട്ട ഭാഗം വരെ ഇടിഞ്ഞതിനാല്‍ യാത്ര നിരോധിച്ചു. വലിയ വാഹനങ്ങള്‍ അന്നുമുതലേ നിരോധിച്ചിരുന്നു. കോഴിക്കോടുനിന്നുമുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടു. മള്‍ട്ടി ആക്‌സില്‍ ബസുകളുള്‍പ്പെടെ യാത്ര നിര്‍ത്തിവെച്ചു.

കോഴിക്കോട് ജില്ലയില്‍ നിന്നും മൈസൂര്‍ വഴി കര്‍ണാടകയിലെ കൊല്ലഗല്‍ വരെയുള്ള ദേശീയ പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇവിടെ ഗതാഗതം നിരോധിച്ചതോടെ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് കുറ്റ്യാടി ചുരം വഴിയോ മലപ്പുറം ജില്ലയിലെ നാടുകാണി ചുരം വഴിയോ കണ്ണൂര്‍ വയനാട് വഴിയോ യാത്ര ചെയ്യേണ്ടി വരും.