പാലക്കാട് യുവാവും യുവതിയും ജീവനൊടുക്കിയതിന് പിന്നില്‍ ലഹരി; പോലീസ് അന്വേഷണം
പാലക്കാട്: അടുത്തിടെ പാലക്കാട് നഗരത്തില്‍ രണ്ടിടങ്ങളിലായി യുവാവും യുവതിയും ജീവനൊടുക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ ലഹരി ഉപയോഗമെന്ന് പോലീസിന്റെ കണ്ടെത്തല്‍. രണ്ടുസംഭവങ്ങളിലും ലഹരിബന്ധങ്ങള്‍ കണ്ടെത്തിയതോടെ ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചതായി പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.അനില്‍കുമാര്‍ പറഞ്ഞു.
ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിയായ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം എം.ഡി.എം.എ. അടക്കമുള്ള രാസലഹരികളുടെ ഉപയോഗവും ഇതുസംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളുമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലായിരുന്ന വിദ്യാര്‍ഥി പതിവായി ലഹരി ഉപയോഗിക്കുന്നതും ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ടതും അടുത്തിടെ വീട്ടുകാര്‍ അറിഞ്ഞിരുന്നു. ഇതോടെ ഇനി ബെംഗളൂരുവിലെ പഠനം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയ വീട്ടുകാര്‍, ബെംഗളൂരുവില്‍ പോകുന്നതും വിലക്കി. ഇതുസംബന്ധിച്ചുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
യുവാവിന്റെ കിടപ്പുമുറിയില്‍നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും ഇത് സാധൂരിക്കുന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്. യുവാവിന് ആരെല്ലാമായി ബന്ധമുണ്ട്, ബെംഗളൂരുവിലെ ലഹരിമാഫിയ ബന്ധം തുടങ്ങിയവയും ഇയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
വടക്കഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നിലും ലഹരിയാണ്. കൗതുകത്തിന് തുടങ്ങുകയും പിന്നീട് ലഹരി പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളില്‍ പലരും മാറുന്നുവെന്നാണ് വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)