ഗുജറാത്തിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു

ഗുജറാത്തിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു

October 31, 2022 0 By Editor

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നദിയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലേറെ പേരാണു നദിയിൽ പതിച്ചത്. വൈകിട്ട് ആറരയോടെയാണ് അപകടം.

മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി 6 മാസം അടച്ചിട്ടിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിനു ശേഷം 4 ദിവസം മുൻപാണു തുറന്നത്. അവധിദിനമായ ഇന്നലെ വൻതിരക്കായിരുന്നു. അപകടസമയം നാനൂറോളം പേർ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ വശങ്ങളിൽ തൂങ്ങിക്കിടക്കുന്നവരുടെയും സഹായമഭ്യർഥിക്കുന്നവരുടെയും ദൃശ്യങ്ങളും പുറത്തുവന്നു. 170 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.