സഖാവെ ഇനിയും ജോലിയുണ്ട് ! ആശുപത്രി നിയമനത്തിനും ലിസ്റ്റ് ചോദിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയോട് ; അയച്ച രണ്ടാമത്തെ കത്തും പുറത്ത്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തിരുവനന്തപുരം കോർപറേഷൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടി ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് കത്തയച്ചത്. കോർപറേഷനിലെ 295 താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് നേരത്തേ പുറത്തു വന്നിരുന്നു.

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തില്‍ മാനേജര്‍, കെയര്‍ ടേക്കര്‍ അടക്കം ഒന്‍പത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ഒക്ടോബര്‍ 24-ാം തീയതി ഡി.ആര്‍. അനില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്.

സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍. അനില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്.

നവംബര്‍ ഒന്നാം തീയതി നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് നേരത്തെ പുറത്തുവന്നിരുന്നത്. നഗരസഭ ആരോഗ്യവിഭാഗത്തില്‍ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക കൈമാറണമെന്നുമാണ് മേയര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കത്ത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ മേയര്‍ക്കെതിരേയും പാര്‍ട്ടിക്കെതിരേയും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് സമാനരീതിയില്‍ നഗരസഭയില്‍നിന്ന് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story