ഗവര്‍ണ്ണറില്ലാത്ത രാജ്ഭവനിലേക്ക് ഇന്ന് എല്‍ഡിഎഫിന്റെ മാര്‍ച്ച്; രാജ്ഭവന് കനത്ത സുരക്ഷ ; മാര്‍ച്ചിനെതിരെ ബിജെപിയുടെ ഹര്‍ജി ഹൈക്കോടതിയില്‍

ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്.…

ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ പരിപാടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷത്തോളം പേര്‍ പ്രതിഷേധക്കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളില്‍ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.

രാജ്ഭവന് പുറമെ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളില്‍ കൂട്ടായ്മകളില്‍ പതിനായിരങ്ങളും അണിനിരക്കും. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ച് കണക്കിലെടുത്ത് രാജ്ഭവന് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഇല്ല. ഡല്‍ഹിക്ക് പോയിട്ടുള്ള ഗവര്‍ണര്‍ അടുത്ത ഞായറാഴ്ചയേ സംസ്ഥാനത്തെത്തുകയുള്ളൂ.

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബിജെപി; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Kerala_HC_EPS

ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിര്‍ബന്ധിച്ച് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹര്‍ജിയില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. പ്രതിഷേധ മാര്‍ച്ച് ഭരണഘടനാ പദവിയുള്ള സംസ്ഥാന ഭരണത്തലവനെതിരായിട്ടുള്ള നിയമലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

News Desk : Evening Kerala News

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story