ആതിഥേയർക്ക് ഇന്ന് അഗ്നിപരീക്ഷ ; ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങി ഖത്തർ
ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുകയാണ് ഖത്തർ. ആതിഥേയരായതുകൊണ്ടു മാത്രം കിട്ടിയ അവകാശമല്ലെന്നു തെളിയിക്കേണ്ടിരിക്കുന്നു . ദക്ഷിണാഫ്രിക്കയ്ക്കു ശേഷം, ആദ്യ റൗണ്ട് കടക്കാതെ പുറത്താകുന്ന ആതിഥേയർ എന്ന നാണക്കേട് ഒഴിവാക്കുകയും വേണം. ഉദ്ഘാടന മത്സരത്തിൽ ജയിക്കുന്ന ആദ്യ അരങ്ങേറ്റക്കാരെന്ന സ്വപ്നവും ഖത്തറിന് മുന്നിലുണ്ട്.
എ ഗ്രൂപ്പിൽ കിട്ടാവുന്ന ഏറ്റവും ചെറിയ എതിരാളികളാണ് ആദ്യ മത്സരത്തിൽ ഖത്തറിനു മുന്നിലെത്തുന്നത് - ലാറ്റിനമെരിക്കൻ പ്രതിനിധികളായ ഇക്വഡോർ. വരാനിരിക്കുന്നത് താരതമ്യേന കൂടുതൽ കരുത്തരായ സെനഗലിനും നെതർലൻഡ്സിനുമെതിരായ മത്സരങ്ങൾ. സെനഗൽ ആഫ്രിക്കൻ ചാംപ്യൻമാരാണെങ്കിൽ, നെതർലൻഡ്സ് 2010ലെ ലോകകപ്പ് ഫൈനലിസ്റ്റുകളാണ്. ഖത്തരാകട്ടെ, ലോക റാങ്കിങ്ങിൽ 50ാം റാങ്ക് മാത്രമുള്ള ടീമും.
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്വഡോർ ലോകകപ്പ് കളിക്കാനെത്തുന്നത്. അവർക്കു മുന്നിൽ മധ്യേഷ്യയിലെങ്കിലും ഏറ്റവും മികച്ചവരാണു തങ്ങളെന്നു തെളിയിക്കണം ഖത്തറിന്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, പനാമ, അൽബേനിയ എന്നിവർക്കെതിരായ സന്നാഹ മത്സരങ്ങളിൽ നേടിയ വിജയം അവർക്കു ചെറുതല്ലാത്ത ആത്മവിശ്വാസം പകരുന്നു.
2019ൽ കോപ്പ അമെരിക്കയും, 2021ൽ കോൺകകാഫ് ഗോൾഡ് കപ്പിലും കളിച്ച് അന്താരാഷ്ട്ര മത്സരപരിചയം കൂടി നേടിയാണ് ഖത്തർ ലോകകപ്പിനായി തയാറെടുപ്പ് നടത്തിയത്. 2019ലെ ഏഷ്യൻ കപ്പിലെ ജേതാക്കളുമായി. 2002, 2006, 2014 വർഷങ്ങളിൽ ലോകകപ്പ് കളിച്ച ഇക്വഡോർ ഒരിക്കൽ മാത്രമാണ് ഗ്രൂപ്പ് ഘട്ടം മറികടന്നിട്ടുള്ളത്.
Sreejith Sreedharan (Evening Kerala News )