സര്‍ക്കാരിന് കനത്ത തിരിച്ചടി: കെ.ടി.യു. വി.സി. സിസ തോമസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു

സര്‍ക്കാരിന് കനത്ത തിരിച്ചടി: കെ.ടി.യു. വി.സി. സിസ തോമസിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു

November 29, 2022 0 By Editor

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള നിയമ പോരാട്ടങ്ങളില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളി. താത്കാലിക വി.സിയായി സിസ തോമസിന് തുടരാം. അവര്‍ക്ക് മതിയായ യോഗ്യതയുണ്ട്. സ്ഥിരം വി.സിയെ മൂന്ന് മാസത്തിനകം നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന ചാന്‍സലറുടേയും സിസ തോമസിന്റേയും വാദം തള്ളിയിരുന്നു. ഉത്തരവിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തത് അത്യപൂര്‍വ ഹര്‍ജിയിലൂടെയാണെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി. യു.ജി.സി. മാനദണ്ഡ പ്രകാരം മാത്രമേ നിയമനം നടത്താനാകൂവെന്നും കോടതി അറിയിച്ചു.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും യോഗ്യതയില്ലെന്ന ഗവര്‍ണറുടെ കണ്ടെത്തലും കോടതി ശരിവെക്കുകയുണ്ടായി. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു.