മെര്‍സിഡിസ് ബെന്‍സ് ഇ-കാര്‍ ഫാക്ടറി പൂനെയില്‍
ന്യൂഡല്‍ഹി: പൂനെയിലെ ചക്കാനില്‍ ഇലക്ട്രിക് വാഹന നിര്‍മാണ ഫാക്ടറി ആരംഭിക്കാനൊരുങ്ങി ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മെര്‍സിഡിസ് ബെന്‍സ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നല്ലൊരു വിപണിയാവും എന്നാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ പ്രതീക്ഷ. അത് മുന്നില്‍ കണ്ടുകൊണ്ടാണ് പുതിയ നീക്കം.
ഇന്ത്യന്‍ വാഹന മാര്‍ക്കറ്റ് ഇലക്ട്രോണിക്‌സിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പ്രാദേശിക നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചതെന്ന് മെര്‍സിഡിസ് ബെന്‍സ് ഇന്ത്യന്‍ വൈസ് പ്രസിഡന്റ് മൈക്കല്‍ ജോപ്പ് പറഞ്ഞു. കമ്പനിയുടെ ദീര്‍ഘകാല വീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഫാക്ടറിയെന്നും അദ്ദേഹം അറിയിച്ചു.
ഒരു ഫാക്ടറി ആരംഭിക്കുന്നതിന്റെ സകല ബുദ്ധിമുട്ടുകളും സഹിച്ചാണ് തങ്ങള്‍ ഫാക്ടറി ആരംഭിക്കുന്നതെന്നും ജോപ്പ് കൂട്ടിച്ചേര്‍ത്തു. പ്രാദേശിക നിര്‍മാണത്തില്‍ കമ്പനികള്‍ നിക്ഷേപം നടത്താനായി സര്‍ക്കാര്‍ ഇടപെടേണ്ടതായിട്ടുണ്ട്. ഇലക്ട്രിക് കാറുകള്‍ക്കായുള്ള സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഇറക്കുമതി തീരുവ നിശ്ചിത കാലത്തേക്ക് കുറച്ചാല്‍ പല കമ്പനികളും ഇവിടെ നിക്ഷേപം നടത്താന്‍ വരുമെന്നും മൈക്കല്‍ ജോപ്പ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മെര്‍സിഡിസ് S63 എ എം ജി കൂപ്പെ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചത്. വാഹനത്തിന് 2.55 കോടി രൂപയാണ് എക്‌സ് ഷോറൂം വില.