ഇ.പി. സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കും

തിരുവനന്തപുരം∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ജയരാജൻ മറുപടി നൽകും. റിസോർട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.

ഒക്ടോബർ ആറിനാണ് ഇ.പി.ജയരാജന്‍ അവധിയിൽ പ്രവേശിക്കുന്നത്. ചികിൽസയ്ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ അവധി നീട്ടി. ഇതിനിടയിൽ ഒരു സംസ്ഥാന കമ്മിറ്റിയോഗത്തിലും എൽഡിഎഫ് യോഗത്തിലും പങ്കെടുത്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് വിശദീകരണം നൽകാന്‍ കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. പി.ജയരാജൻ ആരോപണം ഉന്നയിക്കുമ്പോൾ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പിബി നിലപാടും കണക്കിലെടുത്ത് തുടർനടപടികൾ സ്വീകരിക്കും. പാർട്ടി പരിപാടികളിൽനിന്ന് ഇ.പി.ജയരാജൻ വിട്ടുനിൽക്കുന്നതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അതൃപ്തിയുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇരുവരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ ഇ.പി.ജയരാജൻ പങ്കെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story