സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ അപ്പീല്‍ ഫലം വന്നില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍

സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ അപ്പീല്‍ ഫലം വന്നില്ല; പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍

January 5, 2023 0 By Editor

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യദിനം നടന്ന നാടന്‍പാട്ട് മത്സരത്തിന്റെ ഹയര്‍ അപ്പീല്‍ ഫലങ്ങള്‍ മൂന്നാം ദിവസവും പുറത്തു വരാത്തത്തില്‍ പ്രതിഷേധിച്ച് മത്സരാര്‍ഥിനികള്‍. കണ്ണൂര്‍ മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നടക്കാവ് ജി.വി.എച്ച്.എസ്.എസിലെ ഹയര്‍ അപ്പീല്‍ കമ്മിറ്റി ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. മൂന്നാം തീയതി നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം
നാടന്‍ പാട്ട് ഗ്രൂപ്പ് മത്സരത്തില്‍ ബി ഗ്രേഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മത്സരാര്‍ഥികള്‍ ഹയര്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചത്.

നാടന്‍പാട്ടിന് പുള്ളോര്‍ക്കുടം, കൈമണി എന്നീ ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് എ ഗ്രേഡ് ലഭിക്കാത്തിരുന്നതെന്നുമാണ് കലോത്സവത്തിന്റെ രണ്ടാം ദിനം നടന്ന ഹിയറിങ്ങില്‍ ജഡ്ജസിന്റെ വിശദീകരണം. എന്നാല്‍ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇതേ നാടന്‍പാട്ട് ഇതേ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാടിയ ടീം എ ഗ്രേഡ് നേടിയെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സബ് ജില്ല, ജില്ലാ കലോത്സവങ്ങളില്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇത്തരത്തില്‍ ഒരു നിബന്ധനകളും ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.

തുടര്‍ന്ന്, ബുധനാഴ്ച വൈകീട്ടടെ അപ്പീല്‍ ഫലം പുറത്തുവിടുമെന്നായിരുന്നു കമ്മിറ്റി അംഗങ്ങള്‍ ആദ്യം പറഞ്ഞത്. ഫലം വെബ്‌സൈറ്റില്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ വ്യാഴാഴ്ച രാവിലെ 10- ന് മുന്‍പ് വരുമെന്നായി മറുപടി. അതും ഇല്ലാതായതോടെ മത്സരം കഴിഞ്ഞു മടങ്ങിയ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ നിന്നും കോഴിക്കോടെത്തി. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് ആറ് മണി വരെയും ഫലം വരാത്തായതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.