ഭാര്യക്ക് സ്വന്തം ചരമവാർത്ത അയച്ചുകൊടുത്ത യുവാവിന് കാറപകടത്തിൽ പരിക്ക്
അഞ്ചൽ: മാസങ്ങൾക്ക് മുമ്പ് സ്വന്തം മരണവാർത്തയുടെ പോസ്റ്റർ അച്ചടിച്ച് വിതരണം ചെയ്യുകയും പിണങ്ങിക്കഴിയുന്ന ഭാര്യക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവിനെ കാറപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. പരുമല പ്രക്കാട്ടേത്ത് പി.എസ്. സനു(34)വിനാണ് പരിക്കേറ്റത്.
ഇടമുളയ്ക്കൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്. കുടുംബ കലഹത്തെത്തുടർന്ന് ഇരുവരും പിണങ്ങിക്കഴിയുകയാണ്. 2022 ഒക്ടോബർ 18ന് ഇയാൾ മരിച്ചുവെന്ന് കാണിക്കുന്ന ആദരാഞ്ജലി പോസ്റ്റർ പ്രിന്റ് ചെയ്ത് പ്രചരിപ്പിക്കുകയും ഭാര്യക്കും വീട്ടുകാർക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസമായി പിൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലുള്ള കാറിൽ ഇയാൾ പ്രദേശത്ത് വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പുലർച്ചയാണ് കാർ ചെമ്പകരാമനല്ലൂർ എൽ.പി സ്കൂകൂളിന് സമീപം മൺകയ്യാലയിൽ ഇടിച്ചു തകർന്ന നിലയിൽകണ്ടത്.
കാറിൽനിന്ന് പൊട്ടിയ മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കയർ, ബ്ലേഡ്, ചെങ്കൊടി എന്നിവയും കണ്ടെത്തി. സനു ഭാര്യയുടെ വീട്ടിൽ കയറുന്നത് കോടതി വിലക്കിയിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ ഇയാൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ ശേഷം സ്വദേശത്തേക്ക് മടങ്ങി. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.