അണ്ടര്‍ 19 വനിതാ ലോകകപ്പ്‌  : ഇന്ത്യക്ക്‌ രണ്ടാം ജയം

അണ്ടര്‍ 19 വനിതാ ലോകകപ്പ്‌ : ഇന്ത്യക്ക്‌ രണ്ടാം ജയം

January 17, 2023 0 By Editor

ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. ഡി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ അവര്‍ യു.എ.ഇയെ 122 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 219 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത യു.എ.ഇയ്‌ക്ക് അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 97 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.

രണ്ട്‌ കളികളിലായി നാല്‌ പോയിന്റ്‌ നേടിയ ഇന്ത്യ ഒന്നാമതാണ്‌്. 34 പന്തില്‍ നാല്‌ സിക്‌സറും 12 ഫോറുമടക്കം 78 റണ്ണെടുത്ത നായികയും ഓപ്പണറുമായ ഷെഫാലി വര്‍മ, 49 പന്തില്‍ 74 റണ്ണെടുത്ത ഓപ്പണര്‍ ശ്വേതാ സെഹ്‌റാവത്‌ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. വിക്കറ്റ്‌ കീപ്പര്‍ റിച്ച ഷോഘിന്റെ (29 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 49) വെടിക്കെട്ടും ഇന്ത്യക്കു ഗുണമായി. ജി. തൃഷ (അഞ്ച്‌ പന്തില്‍ 11), സോണിയ മെന്‍ദിയ (രണ്ട്‌) എന്നിവര്‍ പുറത്താകാതെനിന്നു. മറുപടി ബാറ്റ്‌ ചെയ്‌ത യു.എ.ഇയുടെ മഹിക ഗൗര്‍ (26 പന്തില്‍ 26), ലാവണ്യ കെനി (54 പന്തില്‍ 24) എന്നിവരും അഞ്ച്‌ പന്തില്‍ 16 റണ്ണെടുത്ത നായികയും ഓപ്പണറുമായ തീര്‍ഥ സതീഷുമാണ്‌ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്‌. ഇന്ത്യക്കു വേണ്ടി ശബ്‌നം, ടിറ്റാസ്‌ സാധു, മന്നത്‌ കാശ്യപ്‌, പാര്‍ശവി ചോപ്ര എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ്‌ വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. ഷെഫാലി മത്സരത്തില്‍ 16 പന്തില്‍ 45 റണ്ണെടുത്തു വെടിക്കെട്ടായി. 57 പന്തില്‍ 92 റണ്ണെടുത്ത ശ്വേതാ സെഹ്‌റാവതും അടിച്ചു തകര്‍ത്തു. ഡിയിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 44 റണ്ണിനു സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 112 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സ്‌കോട്ട്‌ലന്‍ഡ്‌ 17 ഓവറില്‍ 68 റണ്ണിന്‌ ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കായി കായ്‌ല റെയ്‌നകെ ഓള്‍റൗണ്ട്‌ മികവ്‌ പുറത്തെടുത്തു (49 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 53 റണ്ണും ഒരു വിക്കറ്റും). മാഡിസണ്‍ ലാന്‍ഡ്‌സ്മാന്‍ 16 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. ജെമ്മ ബോതയും സെഷീന്‍ നായിഡുവും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.