ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഇന്ന് വിരമിക്കും: പകരം എ.കെ സിക്രി കൊളീജിയത്തില്‍
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ സേവനത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വെള്ളിയാഴ്ച വിരമിക്കും. ശനിയാഴ്ചയാണ് അദ്ദേഹത്തിനു 65 വയസ് തികയുന്നത്. എന്നാല്‍ മെയ്…
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ സേവനത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വെള്ളിയാഴ്ച വിരമിക്കും. ശനിയാഴ്ചയാണ് അദ്ദേഹത്തിനു 65 വയസ് തികയുന്നത്. എന്നാല്‍ മെയ്…
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ സേവനത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വെള്ളിയാഴ്ച വിരമിക്കും. ശനിയാഴ്ചയാണ് അദ്ദേഹത്തിനു 65 വയസ് തികയുന്നത്. എന്നാല്‍ മെയ് 18 ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രവര്‍ത്തി ദിനം.
സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചില്‍ അംഗമായിരുന്നതുള്‍പ്പടെ സുപ്രധാനമായ പലകേസുകളും ചെലമേശ്വര്‍ ഉള്‍പ്പെട്ട ബെഞ്ച് കൈകാര്യം ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ നിയമം റദ്ദാക്കിയ അഞ്ചംഗ ഭരണഘടനാബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. വിവര സാങ്കേതികതാ നിയമത്തിലെ വിവാദ വകുപ്പായ 66എ റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു.
ചെലമേശ്വര്‍ വിരമിക്കുന്നതോടെ, സീനിയോറിറ്റിയില്‍ ആറാമതുള്ള ജസ്റ്റിസ് എ.കെ സിക്രി കൊളീജിയത്തില്‍ ഇടംപിടിക്കും. ഇതോടെ ജസ്റ്റിസ് കെ എം ജോസഫിനെ ജഡ്ജിയാക്കണമെന്ന് വീണ്ടും ശുപാര്‍ശ വന്നേക്കും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കലാപമുയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. അതുമൂലം അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയും സുപ്രീം കോടതി ഭരണ സംവിധാനത്തിനെതിരെയും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഇടപെടലുകള്‍ക്കെതിരെ ശബ്ദിച്ച ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു.
2014 ഡിസംബര്‍ ഒന്നിന് അന്തരിച്ച പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസില്‍ സ്വീകരിച്ച നിലപാടിനെതിരെയും ഇവര്‍ ആരോപണമുന്നയിച്ചു. ജനുവരി 12നു നടന്ന വാര്‍ത്താസമ്മേളനം സുപ്രീം കോടതിയുടെ ചരിത്രത്തില്‍തന്നെ ഉണ്ടായിട്ടുള്ള ആദ്യസംഭവമായിരുന്നു.
1953 ജൂണ്‍ 23ന് ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ചെലമേശ്വര്‍ ജനിച്ചത്. മച്ചിലിപ്പട്ടണത്തെ ഹിന്ദു ഹൈസ്‌കൂളിലും ചെന്നൈ ലൊയോള കോളേജിലുമായിരുന്നു വിദ്യാഭ്യസം. ഫിസിക്‌സില്‍ ബിരുദം നേടിയശേഷം ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തിലും ബിരുദം നേടി.
1995ല്‍ സീനിയര്‍ കോണ്‍സലായി. അതേവര്‍ഷം ഒക്ടോബര്‍ 13ന് ആന്ധ്രാപ്രദേശിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി. '97 ജൂണ്‍ 23ന് അന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജഡ്ജിയുമായി. ഗുവാഹാട്ടി, കേരള ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചു. 2010 മാര്‍ച്ച് 17നാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഇവിടെ പ്രവൃത്തിക്കവേ 2011 ഓക്ടോബര്‍ 10ന് സുപ്രീം കോടതി ജഡ്ജിയായി അദ്ദേഹം നിയമിതനായി.