സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് ആര്‍എസ്എസുക്കാരെ ഹെഡ്‌ഗേവാര്‍ നിരുത്സാഹപ്പെടുത്തി: ബിജെപി നേതാവിന്റെ വെല്ലുവിളിക്കെതിരെ തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍

കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്നവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ നിരുത്സാഹപ്പെടുത്തിയത്തിനു തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കാന്‍ തയ്യാറെന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രഖ്യാപിച്ച ബിജെപി വക്താവിന് മറുപടിയായാണ് ആര്‍എസ്എസ് തന്നെ പ്രസിദ്ധീകരിച്ച പുസ്തകഭാഗവുമായി മാധ്യമ അവതാരകന്‍ രംഗത്തെത്തിയത്. റിപ്പോര്‍ട്ടര്‍ ടി വി ന്യൂസ് എഡിറ്ററായ അഭിലാഷ് മോഹനനാണ് പുസ്തകഭാഗം സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ബിജെപിക്ക് മറുപടി നല്‍കിയത്. ഇതോടെ അഭിലാഷിനെതിരെ അസഭ്യവര്‍ഷവുമായി സംഘപരിവാറിന്റെ സൈബര്‍ ഗുണ്ടാസംഘം എത്തിയിട്ടുണ്ട്.

അഭിലാഷിന്റെ ഫേസ്ബുക്ക്‌പോസ്റ്റ്:

കഴിഞ്ഞ ദിവസത്തെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് ശിവശങ്കരനോട് ഉള്ള പ്രതികരണമായി ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയതായി പറഞ്ഞിരുന്നു. രണ്ടാം സര്‍സംഘ് ചാലക് മാധവ സദാശിവ ഗോള്‍വാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു എന്റെ പരാമര്‍ശം .

ഇത് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്ന് ചര്‍ച്ചയില്‍ ബിജെപി നേതാവ് വെല്ലുവിളിച്ചു . ഇതിനു പിറ്റേന്ന് ബിജെപി നേതാവ് സ്റ്റുഡിയോയില്‍ വരികയും ഒരു പുസ്തകവും കുറച്ചു പേപ്പറുകളും തരികയും ഞാന്‍ പറഞ്ഞത് വസ്തുതയല്ല എന്ന് വാദിക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി പരിശോധിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച് അദ്ദേഹത്തെ മടക്കി അയക്കുകയാണ് ഉണ്ടായത് . ഈ കൂടികാഴ്ചയുടെ വീഡിയോ അദ്ദേഹത്തിന്റെ സഹായി പകര്‍ത്തിയിരുന്നു. ഇത് ഉപയോഗിച്ച് എനിക്ക് തെറ്റ് പറ്റിയെന്നും എന്റെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ഞാന്‍ ഉദ്ധരിച്ച പുസ്തകം ഇവിടെ ഇടുകയാണ്. അയോദ്ധ്യ പ്രിന്റേഴ്‌സ് അച്ചടിച്ച കുരുക്ഷേത്ര പ്രകാശന്റെ ശ്രീ ഗുരുജി സാഹിത്യ സര്‍വസം. വായിച്ചാലും. ആരാണ് കള്ളം പറയുന്നതെന്ന് ബോധ്യപ്പെടും. എന്നെ ചീത്തവിളിച്ചു കൊണ്ടിരിക്കുന്ന സംഘി സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാന്‍ പോകുംമുമ്പ് സ്വന്തം ആചാര്യന്‍ എഴുതിവെച്ചിരിക്കുന്നതെങ്കിലും ഒന്ന് വായിക്കൂ .

അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ പുസ്തകത്തിന്റെ ഹിന്ദിപ്പതിപ്പിന്റെ പേജും അഭിലാഷ് പോസ്റ്റ് ചെയ്തു. ‘മലയാളം വായിച്ചിട്ട് മനസിലാകാഞ്ഞിട്ടാകുമോ പരിവാറുകാര്‍ ചീത്തവിളി നിര്‍ത്താത്തത് ? രാഷ്ട്രഭാഷ മാത്രം അറിയുന്ന സംഘികള്‍ക്ക് വേണ്ടി ശ്രീഗുരുജി സമഗ്ര ദര്‍ശന്‍ മൂലകൃതി ഇവിടെ പോസ്റ്റുന്നു. അപ്പോള്‍ മാപ്പുപറയണോ അതോ രാജി വെക്കുമോ ?”ആ പോസ്റ്റില്‍ അഭിലാഷ് ചോദിയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *