ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും; സി.എം. രവീന്ദ്രന് ഇ.ഡി. നോട്ടീസ്

ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും; സി.എം. രവീന്ദ്രന് ഇ.ഡി. നോട്ടീസ്

February 23, 2023 0 By Editor

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചു. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ഈ ചോദ്യംചെയ്യലിന്റെ അനുബന്ധ നടപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കൂടി ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രവീന്ദ്രന് നോട്ടീസ് നല്‍കിയത്.

ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. അതിനാല്‍ത്തന്നെ രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്.

2020 ഡിസംബറില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ 13 മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.