യൂറോപ്പ ലീഗ്:ബാഴ്സ്പുറത്ത്,  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

യൂറോപ്പ ലീഗ്:ബാഴ്സ്പുറത്ത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറില്‍

February 25, 2023 0 By Editor

മാഞ്ചസ്റ്റര്‍:യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്.രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം . നേരത്തെ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപനൗവില്‍ ആദ്യ പാദത്തില്‍ ഇരുടീമും രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പെനല്‍റ്റി ഗോളില്‍ ബാഴ്‌സയാണ് ആദ്യം ലീഡ് എടുത്തത്.അലജാന്ദ്രോ ബാള്‍ഡെയെ ബ്രൂണോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി.കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കിക്ക് പിഴച്ചില്ല.ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി തുടങ്ങിയത്.

രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ ബ്രസീലിയന്‍ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റിന് ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി.ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഫ്രെഡ് ബാഴ്‌സ വല ചലിപ്പിച്ചത്. 73ാം മിനിറ്റിലായിരുന്നു ആന്തണിയുടേയും വിജയ ഗോള്‍.മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാന്‍ ഓള്‍ ട്രാഫോര്‍ഡില്‍ ബാഴ്‌സക്കായില്ല.

തോറ്റെങ്കിലും യൂറോപ്യന്‍ പോരാട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ബാഴ്‌സക്കാവുമെന്ന് ഈ മത്സരം തെളിയിച്ചുവെന്നും അഠുത്ത സീസണില്‍ ശക്തമായി തിരിച്ചുവരുമെന്നും ബാഴ്‌സ പരിശീലകന്‍ സാവി മത്സര ശേഷം പറഞ്ഞു.