മുഖ്യമന്ത്രിയുടെ സന്ദർശനം; കൊല്ലത്ത് തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാക്കൾ എട്ട് മണിക്കൂർ കസ്റ്റഡിയിൽ” സുരക്ഷയിൽ വീർപ്പുമുട്ടി നാട്

മുഖ്യമന്ത്രിയുടെ സന്ദർശനം; കൊല്ലത്ത് തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാക്കൾ എട്ട് മണിക്കൂർ കസ്റ്റഡിയിൽ” സുരക്ഷയിൽ വീർപ്പുമുട്ടി നാട്

February 25, 2023 0 By Editor

കൊല്ലം: അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വെളളിയാഴ്ച മുഖ്യമന്ത്രി വിവിധ പരിപാടികൾക്കായി കൊല്ലത്തെത്തിയതിനെ തുടർന്നായിരുന്നു നടപടി. ആലപ്പുഴയിൽ നിന്നെത്തിയ ഫൈസൽ(18), അമ്പാടി(19) എന്നിവരെ എട്ട് മണിക്കൂറോളമാണ് കസ്റ്റഡിയിൽ വെച്ചത്.

ഇവർ ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി കടയിൽ നിന്നു വെള്ളം വാങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ബൈക്ക് മോഷണം വ്യാപകമാണെന്നും അതിനാൽ മോഷ്ടാക്കളെന്ന് സംശയിച്ചാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് വിശദീകരണം.

റെയിൽവേ സ്റ്റേഷനു സമീപത്തെ ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾ. ഈ പ്രദേശത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് പൊലീസിന്റെ നടപടി.

തിരികെ പോവാനായി എടുത്തിരുന്ന ടിക്കറ്റ് കാണിച്ചെങ്കിലും പൊലീസ് യുവാക്കളെ പോവാനായി അനുവദിച്ചില്ല. സ്റ്റേഷനിലേക്ക് കറുപ്പ് ഷർട്ട് ധരിച്ച കുറച്ചു പേരെ കൂടി കൊണ്ടുവന്നതോടെയാണ് ഷർട്ടിന്റെ നിറമാണ് ഇവരെ കസ്റ്റഡിയിലെടുക്കാൻ കാരണമെന്ന് മനസിലായതെന്ന് യുവാക്കൾ പറഞ്ഞു. ഇവരെ കൂടാതെ മൂന്ന് പേരെ ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിരുന്നു.

മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത് ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിൽ  അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥർ. വൈകിട്ടായിരുന്നു മുഖ്യമന്ത്രി എത്തിയതെങ്കിലും രാവിലെ‍ മുതൽ സുരക്ഷാ ക്രമീകരണം തുടങ്ങിയിരുന്നു. എന്നിട്ടും ജില്ലയിൽ പലയിടങ്ങളിലും യൂത്ത് കോൺഗ്രസ്, ആർവൈഎഫ്, ബിജെപി–മഹിളാ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.

റെയിൽവേ സ്റ്റേഷനു സമീപം ബാങ്ക് ജീവനക്കാരുടെ സമരം നടന്നിടത്തു പൊലീസ് എത്തി 12 മണിക്കു മുൻപ് അവസാനിപ്പിക്കണമെന്നു നിർദേശിച്ചതും വിവാദമായി. എല്ലാ വെള്ളിയാഴ്ചയും സ്റ്റേഷനുകളിൽ നടക്കാറുള്ള പൊലീസ് പരേഡും  ഒഴിവാക്കി. ക്യുഎസി റോഡിലൂടെ 3 തവണ യാത്ര ചെയ്ത യുവാക്കളെ പൊലീസ് തടഞ്ഞുനിർത്തി താക്കീത് ചെയ്തു. ഇവരുടെ ഹെൽമറ്റ് ഊരി അകവശം കാട്ടാനും നിർദേശിച്ചതായി മുഖ്യതാര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു