ഏഷ്യാനെറ്റിലെ പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ല -മുഖ്യമന്ത്രി

ഏഷ്യാനെറ്റിലെ പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ല -മുഖ്യമന്ത്രി

March 6, 2023 0 By Editor

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓഫിസിലെ പൊലീസ് പരിശോധനയെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനൽ കുറ്റത്തിൽ ഏർപ്പെട്ട വ്യക്തിക്കെതിരെ കേസെടുക്കുന്നത് അയാൾ ചെയ്യുന്ന തൊഴിൽ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ വിഡിയോ നിർമാണവും സംപ്രേഷണവും മാധ്യമ പ്രവർത്തനത്തിന്‍റെ ഭാഗമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിൽപ്പെടുത്തിയിട്ട് മാധ്യമ പ്രവർത്തനത്തിന്‍റെ പരിരക്ഷ വേണമെന്ന് പറയുന്നത് നീചമായ പത്രപ്രവർത്തനമാണ്. അത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവർത്തകരും.

മാധ്യമപ്രവർത്തനത്തിന്‍റെ ഭാഗമായി എന്തെല്ലാമാകാമെന്ന് നിയതമായ കാര്യങ്ങളുണ്ട്. ഏഷ്യാനെറ്റിലെ പൊലീസ് നടപടിയെ ബി.ബി.സി നടപടിയുമായി താരതമ്യം ചെയ്യേണ്ട. വ്യാജ വിഡിയോ നിർമാണം ഏതെങ്കിലും സർക്കാറിനോ ഭരണാധികാരിക്കോ എതിരായ തുറന്നുകാട്ടലല്ല. അതിനാൽ പ്രതികാര നടപടിയെന്ന് പറഞ്ഞാൽ വിലപ്പോവില്ല. വ്യാജ വാർത്ത ഒരു തരത്തിലുമുള്ള പ്രകോപനം ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് കോഴിക്കോട് ഓഫിസിൽ നടത്തിയത് നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണ്. പി.വി അൻവറിന്‍റെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും വെള്ളയിൽ പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.