അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം ”കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണം ”കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

March 29, 2023 0 By Editor

കൊച്ചി : ഇടുക്കിയെ വിറപ്പിക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. മിഷൻ അരിക്കൊമ്പൻ ഇനിയും നീളുമെന്ന സൂചനയാണ് കോടതി നൽകിയത്. അരിക്കൊമ്പന്റെ കാര്യത്തിൽ മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നും കോടതി ചോദിച്ചു.

അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ആനയെ പിടികൂടിയിട്ട് എന്ത് ചെയ്യാനാണ് എന്നാണ് ഡിവിഷൻ ബെഞ്ച് ചോദിച്ചത്. വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.

അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെനിന്നു മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്‌നത്തിന് കാരണം. വിഷയത്തിൽ വിദ്ഗധസമിതിയെ നിയമിക്കാം. രേഖകൾ അവർക്ക് നൽകൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു.

301 കോളനിയിലെ നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും വനംവകുപ്പും ചൂണ്ടിക്കാണിച്ചു. എങ്കിലും, അരിക്കൊമ്പന്റെ ആക്രമണത്തിൽ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു.

എല്ലാ ആനകളേയും പിടികൂടി കൂട്ടിലടയ്ക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അരിക്കൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോയെന്ന് ആരാഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്തുവെന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്പനാണെങ്കിൽ നാളെ മറ്റൊരു കൊമ്പൻ വരുമെന്ന് ചൂണ്ടിക്കാണിച്ചു. റേഡിയോ കോളർ സ്ഥാപിച്ചാൽ ആനയെ ട്രാക്ക് ചെയ്യാൻ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു. എന്നാൽ അത് പ്രാവർത്തികമാക്കാനാകില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.