നിര്‍മ്മാണപ്പിഴവ്: ഡ്യുക്കാട്ടി സൂപ്പര്‍സ്‌പോര്‍ട് ബൈക്കുകള്‍ തിരികെവിളിക്കും
ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ സൂപ്പര്‍സ്‌പോര്‍ട് എസ് മോഡലുകളെ ഇന്ത്യയില്‍ ഉടന്‍ തിരിച്ചുവിളിക്കുമെന്ന് റിപ്പോര്‍ട്ട്. ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയ മോഡലുകളിലും പ്രശ്‌നസാധ്യയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്യുക്കാട്ടിയുടെ പുതിയ തീരുമാനം.
വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മാണപ്പിഴവുള്ള മോഡലുകളെ കമ്പനി തിരിച്ചുവിളിക്കും. തിരിച്ചുവിളിക്കല്‍ നടപടി വ്യക്തമാക്കിയുള്ള ഔദ്യോഗിക പ്രസ്താവന കമ്പനി ഉടന്‍ പുറത്തിറക്കും.
അമേരിക്കയില്‍ 1,431 മോഡലുകളിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയത്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടു ചേര്‍ന്നു ഒരുങ്ങിയ ഹോസിലാണ് നിര്‍മ്മാണപ്പിഴവ്. എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടില്‍ ഹോസ് ഉരുകി പോകുന്ന കാര്യം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഹോസുകളെ മാറ്റിസ്ഥാപിച്ചു പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനത്തിലാണ് ഡ്യുക്കാട്ടി.