പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വലായി അനാച്ഛാദനം ചെയ്തു

തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും സ്ഥാപിച്ചതിലൂടെ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രം Poonkunnam Sri Seetharamaswamy Temple ചരിത്രത്തില്‍…

തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും സ്ഥാപിച്ചതിലൂടെ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രം Poonkunnam Sri Seetharamaswamy Temple ചരിത്രത്തില്‍ ഇടംനേടി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനാച്ഛാദനച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയും വിശ്വാസികളോട് ലൈവായി പ്രസംഗിക്കുകയും ചെയ്തു.

പാരമ്പര്യവും ആത്മീയതയും ഉത്സവങ്ങളും കലകളും സംഗമിക്കുന്ന സ്ഥലമായ തൃശ്ശൂരിനെ പണ്ടുമുതലേ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായാണ് കണക്കാക്കുന്നതെന്നും ഈ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ സാക്ഷ്യപത്രമാണ് ശ്രീ സീതാരാമസ്വാമി ക്ഷേത്രമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ന്, സീതാരാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ക്ക് സ്വര്‍ണ്ണ സോപാനം സമര്‍പ്പിക്കുന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്നു. കുംഭാഭിഷേകം ആഘോഷിക്കുമ്പോള്‍, ശ്രീ സീതാരാമന്‍ ഉള്ളിടത്ത് ഹനുമാനും ഉണ്ടെന്നും, ഇന്ന് നമ്മള്‍ അനാച്ഛാദനം ചെയ്യുന്ന 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ തീര്‍ച്ചയായും ഭക്തരെ അനുഗ്രഹിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു. ഈ സന്തോഷകരമായ അവസരത്തില്‍, എല്ലാവര്‍ക്കും പ്രത്യേകിച്ച് ശ്രീ ടി എസ് കല്യാണരാമനും കല്യാണ്‍ കുടുംബത്തിനും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി എസ് കല്യാണരാമന്‍ ഗുജറാത്തില്‍ എന്നെ സന്ദര്‍ശിച്ചപ്പോഴാണ് ഈ ക്ഷേത്രത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തിന്‍റെ ആത്മീയ ഊര്‍ജത്തെയും ശക്തിയെയും കുറിച്ച് അന്ന് അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. ഇന്ന്, ഈ ശുഭമുഹൂര്‍ത്തത്തില്‍, ക്ഷേത്രത്തിന്‍റെ സത്ത ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നതുപോലെ അനുഭവപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈബ്രിഡ് രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളും വന്‍തോതില്‍ വിശ്വാസികളും പങ്കെടുത്തു. ചരിത്രം സൃഷ്ടിച്ച ഹനുമാന്‍ പ്രതിമയുടെയും 22 കാരറ്റ് സ്വര്‍ണ സോപാനത്തിന്‍റെയും അനാച്ഛാദനച്ചടങ്ങില്‍ കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ളവര്‍ ഓണ്‍ലൈനായി പങ്കാളികളായി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയും 22 കാരറ്റ് സ്വര്‍ണ സോപാനവും അനാച്ഛാദനം ചെയ്യുന്നതിനോട് അനുബന്ധിച്ച് രാമായണത്തെ അടിസ്ഥാനമാക്കി ആകര്‍ഷകമായ ലേസര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും സംഘടിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്ന് ഊഷ്മളമായ പ്രതികരണം ലഭിച്ച ലേസര്‍ ഷോ തൃശൂര്‍ പൂരം വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നടത്തും.

കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാസ്തുവിദ്യാശൈലികള്‍ സംയോജിപ്പിച്ച് നിര്‍മ്മിച്ച ശ്രീ സീതാരാമസ്വാമി ക്ഷേത്രം ഒറ്റക്കല്ലില്‍ തീര്‍ത്ത 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമയും 18 കിലോഗ്രാം സ്വര്‍ണത്തിലുള്ള സോപാനവും സ്ഥാപിച്ചതോടെ പുതിയ ഉയരങ്ങളിലേയ്ക്കെത്തി. വിപുലമായ ശില്‍പവേലകളും രൂപകല്‍പ്പനകളുമുള്ള സോപാനം ഇന്ത്യന്‍ കലാരൂപങ്ങളും കരവിരുതും പരിരക്ഷിക്കുന്നതിനുള്ള ക്ഷേത്രത്തിന്‍റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ്. പന്ത്രണ്ട് കോടി രൂപ മൂല്യമുള്ള 22 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ സോപാനം അതിഗംഭീരമായ പ്രൗഢി വിളിച്ചോതുന്നതാണ്.

ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതും സീതാരാമസ്വാമി ക്ഷേത്രത്തിന്‍റെ ജനപ്രിയതയും പ്രാധാന്യവും വിളിച്ചോതുന്നതുമായിരുന്നു ചടങ്ങുകള്‍. ഇന്ത്യയുടെ സമൃദ്ധമായ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന സംസ്കാരിക, ചരിത്ര പ്രാധാന്യമുള്ള കേന്ദ്രമാണ് ശ്രീ സീതാരാമസ്വാമി ക്ഷേത്രം.

ചടങ്ങിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സീതാരാമസ്വാമി ക്ഷേത്ര വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story