നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ അന്തരിച്ചു

April 26, 2023 0 By Editor

കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. 1962 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. ആ ചിത്രത്തിൽ ഒരു നിഷേധിയെയാണ് മാമുക്കോയ അവതരിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

അഞ്ചു വർഷത്തിനുശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന സിനിമയിൽ മുഖം കാട്ടി. സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഈ സിനിമയ്ക്കു ശേഷം കല്ലായിയിലെ പണിക്കും നാടകാഭിനയത്തിനുമൊന്നും പോകേണ്ടി വന്നില്ലെന്ന് പിന്നീട് മാമുക്കോയ പറഞ്ഞിട്ടുണ്ട്.