മിഷന്‍ അരിക്കൊമ്പൻ: പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ ആനക്കൂട്ടത്തിൽ നിന്നും അകറ്റാനുള്ള ശ്രമം വിഫലം

ചിന്നക്കനാൽ(ഇടുക്കി): വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നു. പുലർച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ,…

ചിന്നക്കനാൽ(ഇടുക്കി): വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുന്നു. പുലർച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാൻ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലർച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം 6.20ഓടെ ആന നിൽക്കുന്ന സ്ഥലം നിർണയിച്ച് മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി. ആറരയോടെ കുങ്കിയാനകളും രംഗത്തിറങ്ങി.

301 കോളനിക്കു സമീപമുള്ള വനപ്രദേശത്താണ് വ്യാഴാഴ്ച അരിക്കൊമ്പനെ കണ്ടതെങ്കിൽ ഇന്നു പുലർച്ചെ മുത്തമ്മ കോളനിക്കു സമീപമാണ് കണ്ടതെന്നായിരുന്നു വിവരം. എന്നാൽ പിന്നീടാണ് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പൻ നിൽക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് മയക്കുവെടി വയ്ക്കാൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാര്‌‍ അടങ്ങുന്ന സംഘം ബേസ് ക്യാംപിൽ നിന്ന് പുറപ്പെട്ടത്. മയക്കുവെടി വയ്ക്കാനുള്ള സംഘം സജ്ജമായെങ്കിലും അരിക്കൊമ്പൻ മറ്റ് ആനകൾക്കൊപ്പം എത്തിയത് പ്രതിസന്ധി സൃഷ്ടിച്ചു.

ഒപ്പമുള്ള ആനകളെ അകറ്റാൻ തീവ്രശ്രമം നടക്കുന്നു. പടക്കം പൊട്ടിച്ച് ആനകളെ അകറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. നിലവിലുള്ള സ്ഥലത്തു നിന്ന് ആന മാറിയാൽ ദൗത്യം ദുഷ്കരമാകുമെന്ന് നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ പിടിക്കാൻ സമ്പൂർണ്ണ സജ്ജരായാണ് വനം വകുപ്പ് രംഗത്തുള്ളത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളില്‍ പുലർച്ചെ 4.30 ന് അവലോകന യോഗം നടത്തി അവസാനവട്ട ഒരുക്കം നടത്തിയ ശേഷമാണ് ദൗത്യത്തിലേക്ക് ഉദ്യോഗസ്ഥർ കടന്നത്.

അതേസമയം, പിടികൂടിയാല്‍ അരിക്കൊമ്പനെ എങ്ങോട്ടു മാറ്റുമെന്നത് വനംവകുപ്പ് ഇനിയും പുറത്തുവിട്ടിട്ടില്ല. രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് വിശദീകരണം. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത.

ഇന്നു ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസവും ശ്രമം തുടരുമെന്നു കോട്ടയം ഡിഎഫ്ഒ എൻ.രാജേഷ് വ്യക്തമാക്കി. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിയന്ത്രണം. അരിക്കൊമ്പനെ ഇന്നുതന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോട്ടയം സർക്കിൾ സിസിഎഫ് ആര്‍.എസ്.അരുണ്‍ പറഞ്ഞു. എന്നാല്‍ കാലാവസ്ഥയും വെടിയേറ്റ ശേഷം ആന നില്‍ക്കുന്ന സ്ഥലവും നിര്‍ണായകമായിരിക്കും. ആനയ്ക്ക് ദോഷംവരുന്ന രീതിയില്‍ ദൗത്യം നടപ്പാക്കാനാവില്ല. എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ദൗത്യം മാറ്റിവയ്ക്കേണ്ടിവരും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story