കായികതാരങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ ഇകഴ്ത്തുന്നത് ശരിയല്ല ; പി.ടി. ഉഷയെ വിമര്‍ശിച്ച് ശശിതരൂര്‍
ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷ പി.ടി. ഉഷയുടെ പ്രസ്താവന വന്‍ വിവാദം വിളിച്ചു വരുത്തുമ്പോള്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും എംപിയുമായ ശശിതരൂര്‍. പി.ടി. ഉഷ ഇന്ത്യന്‍ കായികതാരങ്ങളെ അവഗണിക്കുകയാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
"ആവര്‍ത്തിച്ചുള്ളതും അനാവശ്യവുമായ ലൈംഗിക പീഡനത്തിന് മുന്നില്‍ നിങ്ങളുടെ സഹ കായികതാരങ്ങളുടെ ന്യായമായ പ്രതിഷേധങ്ങളെ ഇകഴ്ത്തുന്നത് നിങ്ങളാകരുത്. അവര്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നത് 'രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തലല്ല.' അവരെ കേള്‍ക്കുകയും അത് അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടതിന് പകരം അവരെ അവഗണിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്." തരൂര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.
ഇന്ത്യയിലെ പരമോന്നത കായിക സമിതിയെ സമീപിക്കാതെ ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി ഫെഡറേഷനുമായി ഗുസ്തിപിടിക്കുന്ന നടപടി അച്ചടക്ക ലംഘനമാണെന്ന് പി.ടി. ഉഷ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരേ രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തകരെല്ലാം കായിക താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കായികതാരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെയോ അത്‌ലറ്റിക്‌സ് കമ്മീഷനെയോ ആയിരുന്നു സമീപിക്കേണ്ടിയിരുന്നെന്നും അതിന് പകരം അവര്‍ തെരുവില്‍ ഇറങ്ങിയതിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റതായും പി.ടി. ഉഷ ഇന്നലെ വിമര്‍ശിച്ചിരുന്നു.