എയർ മാർഷൽ ബി. മണികണ്ഠൻ ദക്ഷിണ വ്യോമസേനാ മേധാവി
തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.കോട്ടയം സ്വദേശിയായ എയർ മാർഷൽ മണികണ്ഠൻ, കഴക്കൂട്ടം സൈനിക് സ്കൂളിലെയും നാഷനൽ ഡിഫൻസ് അക്കാദമിയിലെയും പൂർവവിദ്യാർഥിയാണ്.
നാഷനൽ ഡിഫൻസ് അക്കാദമിയിലും ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലും പ്രവർത്തിച്ചു. മെയിന്റനൻസ് കമാൻഡ് ആസ്ഥാനത്തെ സീനിയർ എയർ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ , ഇന്റഗ്രേറ്റഡ് ഡിഫൻസ് സർവിസസ് എന്നിവയിലും പ്രവർത്തിച്ചു.
വെലിങ്ടണിലെ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും, സെക്കന്ദരാബാദ് കോളജ് ഓഫ് ഡിഫൻസ് മാനേജ്മെന്റിൽനിന്ന് എം.എം.എസും ഡൽഹിയിലെ നാഷനൽ ഡിഫൻസ് കോളജിൽ നിന്ന് എം.ഫിലും നേടിയിട്ടുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ, വായുസേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.