ചെന്നൈ-സേലം എട്ടുവരിപ്പാത നിര്‍മാണതിനെതിരെയുള്ള സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മധ്യമപ്രവര്‍ത്തകന്‍ അനൂപ് ദാസ് അറസ്റ്റില്‍

June 26, 2018 0 By Editor

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ചെന്നൈ- സേലം എട്ടുവരിപ്പാത നിര്‍മാണത്തിനെതിരെ നടക്കുന്ന സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിന്റെ ചെന്നൈ റിപ്പോര്‍ട്ടറും കോഴിക്കോട് സ്വദേശിയുമായ അനൂപ് ദാസാണ് അറസ്റ്റിലായത്.

അനൂപിനു പുറമേ മാധ്യമപ്രവര്‍ത്തകരായ റസാഖ്, മുരുകന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിന്റെ കാരണമെന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഉന്നതരുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് പൊലീസ് പറഞ്ഞതെന്ന് അനൂപ് പറഞ്ഞു.

സേലം- ചെന്നൈ എട്ടുവരിപ്പാതയ്‌ക്കെതിരെ നടക്കുന്ന സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയതായിരുന്നു ഇരുവരും. തിരുവെണ്ണാമലൈയ്ക്കു സമീപമായിരുന്നു സംഭവം. നിര്‍ദ്ദിഷ്ട ഹൈവേ പദ്ധതിയ്‌ക്കെതിരെ ഇന്നു രാവിലെ തിരുവെണ്ണാമലൈയില്‍ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ, പൊലീസുകാര്‍ പിടിച്ചു തള്ളിയിട്ട് ജീപ്പില്‍ കയറ്റുകയായിരുന്നു.

ഡി.വൈ.എസ്.പിയെ കാണണമെന്നു പറഞ്ഞാണ് പൊലീസ് കൊണ്ടുപോയതെന്നാണ് അനൂപ് പറഞ്ഞത്. രാവിലെ മുതല്‍ പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു അനൂപ് ദാസ്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൈക്ക് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നരമണിക്കൂറോളമാണ് അനൂപിനെ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. പിന്നീട് വിട്ടയക്കുകയായിരുന്നു.

ഹരിതപാതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തിക്കൊണ്ട് സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടുപോകുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. എട്ടുവരിപ്പാതക്കായി സാധാരമക്കാരുടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതാണ് ജനകീയ പ്രതിഷേധത്തിന് കാരണം. പതിനായിരം കോടി രൂപ ചിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായി 277 കിലോമീറ്റര്‍ എട്ടുവരിപ്പാതയാണ് നിര്‍മ്മിക്കുന്നത്‌