കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി എംഎൽഎ പി വി ശ്രീനിജൻ; വലഞ്ഞ് കുട്ടികളും മാതാപിതാക്കളും

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്‌കൂളിന്റെ ഗേറ്റ് പൂട്ടി എംഎൽഎ പി വി ശ്രീനിജൻ; വലഞ്ഞ് കുട്ടികളും മാതാപിതാക്കളും

May 22, 2023 0 By Editor

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ സിലക്ഷൻ ട്രയൽസ് തടഞ്ഞത്. സിലക്‌ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ, സിലക്ഷനായെത്തിയ നൂറിലധികം കുട്ടികൾ ഒരു മണിക്കൂറോളം സമയം ഗേറ്റിനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.

സ്‌പോർട്‌സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ്  എംഎൽഎയുടെ വിശദീകരണം. കഴിഞ്ഞ എട്ട് മാസത്തെ വാടകയായ എട്ട് ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാടക കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായിട്ടില്ലെന്നും എംഎൽഎ പറഞ്ഞു

കഴിഞ്ഞ മാസം വരെയുള്ള വാടക കേരളാ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് കൗൺസിലിൽ ഒടുക്കിയിട്ടുണ്ടെന്നും കുടിശ്ശിക ഇല്ലെന്നുമാണ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണുള്ളതെന്നും കരാർ കാലയളവിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനോ മുൻകൂർ അനുമതിയുടെ ആവശ്യമില്ല. ടൂർണമെന്റുകൾ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് മുൻകൂർ അനുമതി തേടേണ്ടതുള്ളൂ. കൊച്ചിയിൽ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഷറഫലി വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ വൻ പ്രതിഷേധമാണുണ്ടായത്. തുടർന്ന് ഗേറ്റിലെ പൂട്ട് പൊളിക്കാൻ മന്ത്രി അബ്ദുറഹ്‌മാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഗേറ്റ് തുറന്ന് നൽകിയത്.