നയിച്ചിരുന്നത് ലളിതജീവിതം, താമസം 2500 രൂപയുടെ വാടക മുറിയില്‍ ; സ്വന്തമായി ഇരുചക്രവാഹനം പോലുമില്ല ; പിടിക്കൂടിയത് ഒരുകോടി രൂപ ; ഞെട്ടിയത് വിജിലന്‍സ്...!!
പാലക്കാട്: മുറിക്കുള്ളില്‍ പണം സൂക്ഷിച്ചത് വീടുവെയ്ക്കാനെന്ന് കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്ററ്റിന്റെ മൊഴി. നാട്ടുകാര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ ലളിതമായ ജീവിതം നയിച്ചിരുന്ന ഇയാളുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം വിജിലന്‍സ് പിടിച്ചെടുത്തത് ഒരുകോടിയലധികം രൂപയാണ്. വന്‍തുക കൈക്കൂലിയിലൂടെ സമ്പാദിച്ച വില്ലേജ് ഓഫീസ് അസിസ്റ്റന്റ് പക്ഷേ ഇക്കാര്യം പുറത്തുപോകാതിരിക്കാന്‍ നയിച്ചിരുന്നത് ലളിതജീവിതം.
പാലക്കാട് ജില്ലയിലെ പാലക്കയം വില്ലേജ് ഓഫീസര്‍ സുരേഷ്‌കുമാറിനെ ഇന്ന് തൃശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൈക്കൂലി ക്കേസില്‍ വിജിലന്‍സിന്റെ പിടിയിലായതിന് പിന്നാലെ ഇയാളുടെ മണ്ണാര്‍കാട്ടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ ഞെട്ടിയത് വിജിലന്‍സ് ഉദ്യോഗസ്ഥരായിരുന്നു. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ 35 ലക്ഷം രൂപ. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം എന്നിവയുടെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തി. ഇതിന് പുറമേ പത്തിന്റെയും അഞ്ചിന്റെയും 17 കിലോയോളം വരുന്ന നാണയങ്ങളും ഉണ്ടായിരുന്നു. ശമ്പള അക്കൗണ്ടില്‍ നിന്നും പണം പോലും എടുത്തിരുന്നില്ല.
വീടുവെയ്ക്കാന്‍ വേണ്ടി കാത്തുസൂക്ഷിച്ചിരുന്ന പണമായിരുന്നു ഇതെന്നാണ് സുരേഷ്‌കുമാര്‍ വിജിലന്‍സിന് നല്‍കിയിരുന്ന മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവഴിക്കേണ്ടി വന്നില്ലെന്നും പറഞ്ഞു. അതേസമയം തന്റെ കൈക്കൂലി വിവരം പുറത്തറിയാതിരിക്കാന്‍ ലളിതജീവിതമാണ് നയിച്ചിരുന്നത്. സ്വന്തമായി സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്.
അതേസമയം കൈക്കൂലിയായി എന്തും ഇയാള്‍ സ്വീകരിച്ചിരുന്നു. കുടംപുളിയും തേനും റെഡിമെയ്ഡ് ഷര്‍ട്ടും വരെ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലക്കയം വില്ലേജാഫീസില്‍ ജോലി ചെയ്തു വരികയായിരുന്ന സുരേഷ്‌കുമാര്‍ വിവിധ സേവനങ്ങള്‍ക്കായി വരുന്നവരോട് പരസ്യമായി കൈക്കൂലി ചോദിക്കുകയും ചെയ്തിരുന്നു. മലയോര പ്രദേശം ആയതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ സംബന്ധിച്ച അനേകം അപേക്ഷകര്‍ ഉള്ള സ്ഥലമാണ് പാലക്കയം. ഇവിടെ വരുന്നവരെ പരമാവധി നടത്തിച്ച ശേഷം കൈക്കൂലി പരസ്യമായി ചോദിക്കുന്നതായിരുന്നു രീതി. എന്തു ചെയ്താലും കൈക്കൂലിയ്ക്ക് സാധ്യതയുണ്ടോ എന്ന തെരയും.
ഇടപാടുകാരോട് കാണണമെന്ന് പറയും. കാണുമ്പോള്‍ ക്കൈകൂലി കൊടുക്കണമെന്ന് പറയുകയും വാങ്ങിക്കഴിയുമ്പോള്‍ കാര്യം നടത്തിക്കൊടുക്കുകയും ചെയ്യും. മുമ്പ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ ഇയാള്‍ക്കെതിരേ പേരെടുത്ത് പരസ്യമായി ആക്ഷേപം ഉയര്‍ത്തിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.
മഞ്ചേരി സ്വദേശി പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട തന്റെ 45 സെന്റ് സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എംഇഎസ് കോളേജിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ആറ് മാസം മുമ്പും ഇയാള്‍ ഇതേ അപേക്ഷകനില്‍ നിന്നും 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.