ആരോഗ്യമന്ത്രിയുടെ ജില്ലയിൽ ചികിത്സ കിട്ടാതെയും പട്ടിണി കിടന്നും വനവാസി യുവതി മരിച്ചത് കേരളത്തിന് നാണക്കേടെന്ന് ബിജെപി; വിവാദമായതോടെ കോളനിയിൽ മെഡിക്കൽ ഓഫീസറുടെ സന്ദർശനം

ആരോഗ്യമന്ത്രിയുടെ ജില്ലയിൽ ചികിത്സ കിട്ടാതെയും പട്ടിണി കിടന്നും വനവാസി യുവതി മരിച്ചത് കേരളത്തിന് നാണക്കേടെന്ന് ബിജെപി; വിവാദമായതോടെ കോളനിയിൽ മെഡിക്കൽ ഓഫീസറുടെ സന്ദർശനം

May 24, 2023 0 By Editor

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ജില്ലയായ പത്തനംതിട്ടയിൽ പട്ടിണി കിടന്ന് ചികിത്സ കിട്ടാതെ വനവാസി യുവതി മരിക്കാൻ ഇടയായ സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി. സംഭവം അതീവ ഗുരുതരവും നാടിന് അപമാനവുമാണെന്നും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ സൂരജ് പറഞ്ഞു.

പത്തനംതിട്ടയുടെ മലയോര മേഖലയായ സീതത്തോട് മൂഴിയാർ സായിപ്പുംകുഴി കോളനിയിലാണ് വനവാസി വിഭാഗത്തിൽപെട്ട യുവതി മരിച്ചത്. യുവതിയും കുടുംബാംഗങ്ങളും ദിവസങ്ങളായി പട്ടിണിയിൽ ആയിരുന്നു എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് വി.എ സൂരജ് പറഞ്ഞു. അവശനിലയിലായ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനം ലഭ്യമല്ലായിരുന്നു. കടുത്ത ന്യുമോണിയ ബാധയും സമയത്ത് ചികിത്സ കിട്ടാത്തതും പട്ടിണിയുമാണ് മരണ കാരണം.

യുവതിക്ക് തുടക്കത്തിൽ ചികിത്സ നൽകാൻ കഴിയാത്തതിന്റെ ഉത്തരവാദി ആരോഗ്യവകുപ്പും മന്ത്രി വീണ ജോർജ്ജുമാണെന്ന് വി.എ സൂരജ് ചൂണ്ടിക്കാട്ടി. ആദിവാസി ഊരുകളിലും കോളനികളിലും ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഈ വിഷയത്തിലും സർക്കാർ വകുപ്പുകൾ തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസി മേഖലക്ക് കേന്ദ്രം അനുവദിക്കുന്ന ഫണ്ട് ലാപ്‌സ് ആക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നും വിഎ സൂരജ് പറഞ്ഞു.

സംഭവം വിവാദമായതോടെ സീതത്തോട് പഞ്ചായത്തിലെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി സായിപ്പുംകുഴി കോളനി സന്ദർശിച്ചു. നിലവിൽ പനി ഉള്ളവരെ രക്ത പരിശോധന നടത്തി ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സയ്ക്കുള്ള സൗകര്യം ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് വരും ദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.