മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്

മലക്കംമറിഞ്ഞ് എം.വി ഗോവിന്ദൻ; സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന്

June 13, 2023 0 By Editor

പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച്, സർക്കാറിനെ വിമർശിച്ചാൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്‍റെ മേൽ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

ക്രിമിനൽ ഗുഢാലോചന നിയമത്തിനുമുന്നിൽ കൃത്യമായി വരണം, കുറ്റവാളികൾ ആരായാലും, മാധ്യമപ്രവർത്തകരായാലും രാഷ്ട്രീയക്കാരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്. അതിന്‍റെ അപ്പുറം ചേർത്തതെല്ലാം എന്‍റെ പേരിലെ തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങൾ ഉന്നയിക്കുക, അതിനെ അടിസ്ഥാനപ്പെടുത്തി ചർച്ച സംഘടിപ്പിക്കുക, ആ ചർച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക…. ഇതെല്ലാം തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാറിനെ വിമർശിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.

ഞാൻ പറയാത്ത ഒരു കാര്യം എന്‍റെ നേരെ കെട്ടിച്ചമച്ചിട്ട് എം.കെ സാനു ഉൾപ്പെടെ ആളുകളോട് പോയി സർക്കാറിനെതിരെ വിമർശിച്ചാൽ കേസെടുക്കുമെന്ന് പറഞ്ഞു എന്ന് പറഞ്ഞാൽ നിഷ്കളങ്കരായ ആരെങ്കിലും പ്രതികരിക്കാതിരിക്കുമോ? അങ്ങനെ ചിലയാളുകൾ പ്രതികരിച്ചിട്ടുണ്ടാകും. ആ പ്രതികരണത്തെ ആ അർത്ഥത്തിലാണ് കാണുന്നത് -അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ്, സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് രണ്ടു ദിവസം മുമ്പ് എം.വി ഗോവിന്ദൻ പറഞ്ഞത്. മാധ്യമത്തിന്‍റെ പേരുപറഞ്ഞ് ആരെയും കേസിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. മാധ്യമങ്ങൾക്ക് അവരുടേതായ നിലപാടുണ്ട്, അതിൽ ഉറച്ചുനിൽക്കണം. അല്ലാതെ സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്താൻ ശ്രമിച്ചപ്പോൾ മുമ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഗൂഢാലോചനയുടെ ഭാഗമായ ചിലരെ ഉൾപ്പെടുത്തണം ചിലരെ ഒഴിവാക്കണമെന്ന് പറയാനാവില്ല. വാർത്താ റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്നും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.