തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇ.ഡി കസ്റ്റഡിയില്‍, നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

June 14, 2023 0 By Editor

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബുധനാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക മാറ്റുകയും ചെയ്തു.

ചെന്നൈയിലെ ഒമണ്ടൂരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സെന്തില്‍. കേന്ദ്രസേനയുടെ അതീവ സുരക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇവിടെയെത്തും. ഇ.ഡി വാഹനത്തിലേക്കു കയറ്റുന്നതിനിടെ സെന്തില്‍ പൊട്ടിക്കരയുന്നതു കാണാമായിരുന്നു. അറസ്റ്റിനെതിരെ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

സെന്തിലിനെ ഐസിയുവിലേക്ക് മാറ്റിയെന്നും അറസ്റ്റു വിവരം ഇ.ഡി സ്ഥിരീകരിച്ചിട്ടില്ലെന്നും ഡിഎംകെ എം.പിയും അഭിഭാഷകനുമായ എന്‍ആര്‍ ഇളങ്കോ പറഞ്ഞൂ. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുകയാണ്. അദ്ദേഹത്തിന്റെ ദേഹത്ത് പരിക്കുകളുണ്ടോയെന്ന ഡോക്ടര്‍മാര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇളങ്കോ കൂട്ടിച്ചേര്‍ത്തു.

സെന്തില്‍ ബാലാജി ചികിത്സയിലാണ്. ഈ വിഷയം നിയമപരമായി നേരിടുമെന്നും ബിജെപിയുടെ ഭീഷണി രാഷ്ട്രിയത്തില്‍ ഭയപ്പെടില്ലെന്നും കായിക യുവജന വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സെന്തില്‍ ബോധാവസ്ഥയില്‍ ആയിരുന്നില്ലെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.

ഉദയനിധി സ്റ്റാലിന്‍, ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍, പൊതുമരാമത്ത മന്ത്രി ഇ.വി വേലു, മന്ത്രി ശേഖര്‍ ബാബു എന്നിവരും നിരവധി ഡിഎംകെ അനുയായികളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടന്നത്. കാരൂരുള്ള സഹോദരന്റെയും മറ്റ് അടുപ്പക്കാരുടെയും വീടുകളിലും അടക്കം 12 കേന്ദ്രങ്ങളിലും പരിശോധന നടന്നു.

മുന്‍പ് എഐഎഡിഎംകെയില്‍ ആയിരുന്ന സെന്തില്‍, പാര്‍ട്ടി ഭരണകാലത്ത് നടത്തിയ നിയമന കോഴയുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. 2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരുന്നു. പിന്നീടാണ് സെന്തില്‍ ഡിഎംകെയില്‍ ചേരുന്നത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്നാണ് കേസ്.

ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട നാല്പതോളം കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഇ.ഡിയുടെ റെയ്ഡും അറസ്റ്റും.സെന്തിലിന്റെ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമവിദഗ്ധരുടെ യോഗം വിളിച്ചു.