ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഇനി പുതുമോടിയില്‍ ; വികെസി സൗജന്യമായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം…

കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സ്ഥലപരിതിയും സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വീര്‍പ്പുമുട്ടിയിരുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് വിശാലമായ പുതിയ കെട്ടിടം പുതുജീവന്‍ നല്‍കും.

ഉദ്ഘാടന ചടങ്ങില്‍ മുന്‍ എംഎല്‍എയും വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ വികെസി മമ്മദ് കോയ വിശിഷ്ടാതിഥിയായി. ഈ ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നാടൊന്നിച്ച് ചേര്‍ന്ന് രംഗത്തുവന്നത് സമൂഹത്തിന് മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി, എന്നിവര്‍ മുഖ്യാതിഥികളായി. കൊളത്തറ റഹ്‌മാന്‍ ബസാറിലാണ് 5900 ചതുരശ്ര അടി വിസ്തൃതിയില്‍ അധ്യാധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടം ആരോഗ്യ കേന്ദ്രത്തിനായി വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നിര്‍മിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, നിരീക്ഷണ മുറി, നഴ്‌സിങ് സ്റ്റേഷന്‍, പൊതുജനാരോഗ്യ വിഭാഗം ഓഫീസ്, ശുചിമുറികള്‍ എന്നിവയും കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം.

കോഴിക്കോട് കോര്‍പറേഷന്‍ 30 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ നിര്‍മിക്കുകയും മുറ്റത്ത് ഇന്റര്‍ലോക്ക് പതിക്കുകയും ചെയ്തു. കെട്ടിടത്തിന് മോടി കൂട്ടാനായി ദേശീയ ആരോഗ്യ ദൗത്യം 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നാട്ടുകാര്‍ സ്വരൂപിച്ച 10 ലക്ഷം രൂപ മുടക്കിയാണ് മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങിയത്. കെട്ടിടം തുറക്കുന്നതോടെ വിശാലമായ സൗകര്യങ്ങള്‍ ലഭിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ ചികിത്സ ലഭ്യമാകും. ആധുനിക ലബോറട്ടറി, ജീവിതശൈലീ രോഗ നിര്‍ണയ ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്, പ്രതിരോധ കുത്തിവെയ്പ്പു കേന്ദ്രം എന്നിവയും ഇവിടെ പ്രവര്‍ത്തിക്കും

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികെസി ഗ്രൂപ്പ് എംഡി വികെസി റസാക്ക്, കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ഡോ. ജയശ്രീ എസ്, എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആരതി പി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി. എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story