എ.ഡി.ബി, ലോകബാങ്ക് പ്രതിനിധികളുടെ ചെകിട്ടത്തടിച്ചവർ കടംവാങ്ങാന്‍ ഇരക്കുന്നു; സി.പി.എം നിറംമാറുന്ന പോലെ ഓന്തിന് പോലും കഴിയില്ല -കെ. സുധാകരൻ

എ.ഡി.ബി, ലോകബാങ്ക് പ്രതിനിധികളുടെ ചെകിട്ടത്തടിച്ചവർ കടംവാങ്ങാന്‍ ഇരക്കുന്നു; സി.പി.എം നിറംമാറുന്ന പോലെ ഓന്തിന് പോലും കഴിയില്ല -കെ. സുധാകരൻ

June 14, 2023 0 By Editor

എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍നിന്നോടിച്ച സി.പി.എമ്മിന്റെ മുഖ്യമന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിൽ പോലും സി.പി.എം ലോകബാങ്കിനും എ.ഡി.ബിക്കുമെതിരെ ഏറെനാള്‍ ഉറഞ്ഞുതുള്ളിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും കയ്യും കണക്കുമില്ല. സി.പി.എം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിന് പോലും കഴിയില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

സര്‍ക്കാരിന്റെ ആധുനികവത്കരണത്തിനുള്ള എം.ജി.പി പ്രോഗ്രാമില്‍ 1200 കോടി രൂപയുടെ വിദേശവായ്പ എടുക്കാന്‍ 2001ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷം പ്രക്ഷോഭം നടത്തി. എ.ഡി.ബി സംഘത്തെ ഡി.വൈ.എഫ്‌.ഐക്കാര്‍ കരിഓയില്‍ ഒഴിച്ച് ഓടിച്ചുവിടുകയും അവരുടെ ഓഫിസ് തച്ചുടക്കുകയും ചെയ്തു. എം.ജി.പി സെക്രട്ടറി കെ.എം എബ്രഹാമിന്റെ കരണക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് വി.എസ് പ്രസംഗിച്ചപ്പോള്‍ പിണറായിയും കോടിയേരിയും ആര്‍ത്തുചിരിച്ചു.

2006ല്‍ വി.എസ് സര്‍ക്കാര്‍ വിദേശവായ്പ നടപടികളുമായി മുന്നോട്ടുപോകുകയും 1200 കോടി രൂപ വാങ്ങിയെടുക്കുകയും ചെയ്തപ്പോള്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഒരിക്കല്‍ക്കൂടി പുറത്തുവന്നു. അഞ്ച് നഗരസഭകളുടെ വികസനത്തിനാണ് ഈ തുക വിനിയോഗിച്ചത്. യഥാർഥത്തില്‍ ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1998ലാണ് വിദേശവായ്പക്ക് ശ്രമം ആരംഭിച്ചത്. അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. ആ വര്‍ഷം പൊഖ്‌റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ വായ്പ അന്നു ലഭിക്കാതെ പോയത്.

അമേരിക്കയിലെ വിഖ്യാതമായ ജോണ്‍സ് ഹോപ്കിന്‍സിന് ഏഷ്യന്‍ കാമ്പസ് തുടങ്ങാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയായപ്പോഴും സി.പി.എം ഉറഞ്ഞുതുള്ളി. മൂന്നാറില്‍ 72 ഏക്കറില്‍ 700 കോടി രൂപ മുടക്കി തുടങ്ങാനിരുന്ന കൂറ്റന്‍ ആശുപത്രിയായിരുന്നു ഇതെങ്കിലും സി.പി.എം പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ സിംഗപ്പൂരിലേക്ക് ഓടിരക്ഷപ്പെട്ടു. ഇന്നത് ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രം കൂടിയാണ്. അതുണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമേരിക്കയിലേക്ക് കൂടെക്കൂടെ ഓടാതെ ചികിത്സ നടത്താമായിരുന്നെന്നും സുധാകരന്‍ പരിഹസിച്ചു.