‘സുധാകരനെതിരെ പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’: ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ മാവുങ്കൽ കോടതിയിൽ

‘സുധാകരനെതിരെ പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’: ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ മാവുങ്കൽ കോടതിയിൽ

June 19, 2023 0 By Editor

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ മൊഴി നൽകാൻ ഡിവൈഎസ്പി റസ്തം തന്നെ നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ. പീഡനം നടക്കുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നതായി മൊഴി നൽകണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ഭാര്യയു മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണി മുഴക്കി. ഭാര്യയെയും മക്കളെയും ഡിവൈഎസ്പി അപമാനിച്ചു. എല്ലാം നഷ്ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നതു പോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് പറഞ്ഞതായും മോൻസൻ കോടതിയെ അറിയിച്ചു.

മോൻസനെതിരായ പോക്സോ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് റസ്തം. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ്, സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തിയതായി മോൻസൻ വെളിപ്പെടുത്തിയത്. വിഡിയോ കോൺഫറൻസിങ് വഴിയാണ് മോൻസനെ കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം പോക്സോ കേസ് വിധി വന്നശേഷം ഡിവൈഎസ്പി റസ്തമാണ് മോൻസനെ ജയിലിലേക്കു കൊണ്ടുപോയത്. അതിനിടെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിനു സമീപമുള്ള പെട്രോൾ പമ്പിൽ എത്തിച്ചശേഷം കെ.സുധാകരനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോൾ മോൻസൻ മാവുങ്കൽ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വളരെ മോശം ഭാഷയിലും ഭീഷണിയുടെ സ്വരത്തിലുമാണ് ഡിവൈഎസ്പി സംസാരിച്ചത്. 25 ലക്ഷം സുധാകരൻ തന്റെ കയ്യിൽനിന്ന് വാങ്ങിയെന്ന് പറയാനും നിർബന്ധിച്ചു. തനിക്കൊപ്പം ജയിലിൽനിന്നു വന്ന രണ്ടു പൊലീസുകാർ ഇതിന് സാക്ഷികളാണെന്നും മോൻസൻ പറഞ്ഞു. അതേസമയം, ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതി നൽകാൻ കോടതി നിർദ്ദേശിച്ചു.

പോക്സോ കേസില്‍ ചോദ്യം ചെയ്യാനാണ് കെ. സുധാകരനെ വിളിപ്പിച്ചിരിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. താന്‍ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്‍ അവിടെ ഉണ്ടായിരുന്നതായി അതിജീവിത മൊഴി നൽകിയതായും ഗോവിന്ദൻ അറിയിച്ചിരുന്നു. അതേസമയം, ഗോവിന്ദന്റെ വാക്കുകൾ തള്ളിയ ക്രൈംബ്രാഞ്ച്, തട്ടിപ്പു കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് വിശദീകരിച്ചിരുന്നു. പോക്സോ കേസിൽ സുധാകരനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ്, സുധാകരനെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൻ കോടതിയെ അറിയിച്ചിരിക്കുന്നത്