സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ : ചെയര്‍മാന്‍ ഇന്‍ചാര്‍ജ് നിയമനം; ശിപാര്‍ശയില്‍ ഒപ്പിടാതെ ഗവര്‍ണര്‍

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഇന്‍ ചാര്‍ജായി കെ. ബൈജുനാഥിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയര്‍മാനായിരുന്ന ജസ്റ്റിസ് ആന്റണി…

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഇന്‍ ചാര്‍ജായി കെ. ബൈജുനാഥിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയര്‍മാനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമനിക് വിരമിച്ച് ഒരുമാസമായിട്ടും പിന്‍ഗാമിയെ പ്രഖ്യാപിക്കാത്തതിനാല്‍ കമ്മിഷന്‍ പ്രവര്‍ത്തനം താളംതെറ്റി.

മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ജസ്റ്റിസ് ആന്റണി ഡൊമനിക് കഴിഞ്ഞ 30 നാണു വിരമിച്ചത്. തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗമായ ജില്ലാ ജഡ്ജി കെ. ബൈജുനാഥിനു ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ഗവര്‍ണറോടു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. ഒരുമാസമായിട്ടും ഗവര്‍ണര്‍ ഫയലില്‍ ഒപ്പിട്ടിട്ടില്ല. ഇതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഒരു ടേം കൂടി തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച അറുപത്തേഴുകാരനായ ജസ്റ്റിസ് ആന്റണി ഡൊമനിക്കിനെത്തന്നെ പുതിയ ചെയര്‍മാനായി നിയമിക്കാനാണു സര്‍ക്കാര്‍ ധാരണ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണു നിയമനശിപാര്‍ശ നല്‍കേണ്ടത്. ഇത് ഗവര്‍ണര്‍ അംഗീകരിക്കണം. എന്നാല്‍, ശിപാര്‍ശ നല്‍കാത്തതിനാല്‍ തീരുമാനം വൈകും.

മൂന്നു വര്‍ഷമോ 70 വയസോ ആണു ചെയര്‍മാന്റെ കാലാവധി. പുതിയ നിയമഭേദഗതിപ്രകാരം കാലാവധി അഞ്ചില്‍നിന്നു മൂന്നു വര്‍ഷമാക്കിയെങ്കിലും ഒന്നിലേറെത്തവണ നീട്ടാം. ഈ സ്ഥാനത്തേക്ക് ഇത്തവണ ഹൈക്കോടതി റിട്ട. ജഡ്ജിമാരെയും പരിഗണിക്കണമെന്ന ആവശ്യം സര്‍ക്കാരിനു മുന്നിലുണ്ട്.

അതേസമയം, ചെയര്‍മാനാകാന്‍ രേഖാമൂലം താല്‍പര്യമറിയിച്ച് റിട്ട. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും രംഗത്തുണ്ട്. ചീഫ് ജസ്റ്റിസായിരിക്കെ വിവിധ കേസുകളില്‍ ജസ്റ്റിസ് മണികുമാര്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല വിധികള്‍ പുറപ്പെടുവിച്ചിരുന്നു. പ്രത്യുപകാരമായി മണികുമാറിനു മനുഷ്യാവകാശ കമ്മിഷന്‍സ്ഥാനം നല്‍കുമെന്നു റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

വിരമിക്കുംമുമ്പേ സര്‍ക്കാരിന്റെ താല്‍പര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം നിരസിച്ചിരുന്നുമില്ല. എന്നാല്‍, മണികുമാറിന്റെ സര്‍ക്കാര്‍അനുകൂല വിധികളും വിരമിച്ചപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സര്‍ക്കാര്‍ വിരുന്നൊരുക്കിയതും വിവാദമാക്കിയ പ്രതിപക്ഷം, പുതിയ സ്ഥാനലബ്ധി ആയുധമാക്കുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. മണികുമാറിനെ സംസ്ഥാനത്തു നിലനിര്‍ത്തുന്നതിലൂടെ തമിഴ്‌നാട് സര്‍ക്കാരുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ കഴിയുമെന്ന ചിന്തയുമുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഇടപെട്ടാല്‍ മാത്രമേ ജസ്റ്റിസ് എസ്. മണികുമാറിനു സാധ്യതയുള്ളൂവെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. അനുയോജ്യമായപദവി ലഭിച്ചാല്‍ തമിഴ്‌നാട്ടില്‍ത്തന്നെ തുടരാന്‍ മണികുമാര്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഒഴിവില്ലാത്ത സാഹചര്യത്തിലാണു കേരളം തെരഞ്ഞെടുക്കാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story