പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; കുടുംബവീട്ടിലേക്കുള്ള യാത്രയിൽ തീരുമാനമായില്ല

June 29, 2023 0 By Editor

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗിതിയൊന്നും ഇല്ലാത്തതിനാൽ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.

സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് മഅദനി ബംഗളൂരുവിൽ നിന്ന് പിതാവിനെ കാണാൻ കേരളത്തിലെത്തിയത്. വിചാരണ തടവുകാരനായ മഅദനിക്ക് 12 ദിവസത്തേക്കാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ബംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാത്രി എത്തിയ മഅദനിക്ക് പാർട്ടി പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. പിന്നാലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മഅദനിയെ അഡ്മിറ്റ് ചെയ്തത്.

ജൂലൈ ഏഴിനാണ് തിരികെ ബംഗളുരുവിലെത്തേണ്ടത്. 10 പോലീസുകാരെയാണ് മദനിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്.രണ്ട് പോലീസുകാർ മഅദനിക്കൊപ്പം ഫ്ളൈറ്റിലും ബാക്കിയുള്ളവർ റോഡ് മാർഗവുമാണ് കേരളത്തിലെത്തിയത്.

വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മഅദനി പറഞ്ഞിരുന്നു.12 ദിവസത്തെ യാത്രാനുമതിയാണ് മഅദനിക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത മാസം 7 ന് തിരികെ ബംഗളൂരുവിലെത്തും.

നേരത്തെ കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി അനുമതി നൽകിന്നുവെങ്കിലും ചെലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് യാത്ര ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷാച്ചെലവ് സ്വയം വഹിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.20 പോലീസ് ഉദ്യോഗസ്ഥർ മഅദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് നേരത്തെ കർണാടക പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക അഡ്വാൻസായി കെട്ടിവെയ്ക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയത്.