അഞ്ചുദിവസം കൂടി കനത്തമഴ ; സംസ്ഥാനത്ത് കനത്ത നാശനഷ്ടം; വ്യാഴാഴ്ച വരെ തീവ്രമാകും
തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന സജ്ജം. അടുത്ത അഞ്ചുദിവസം കൂടി വ്യാപകവും അതിശക്തവുമായ മഴയ്ക്കു സാധ്യത.
കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. മഴ ശക്തമായതോെട ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാളികുളത്ത് തെങ്ങ് വീണ് കട തകര്‍ന്നു. കണിച്ചുകുളങ്ങരയില്‍ വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായി. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരിൽ വീട് ഇടിഞ്ഞു വീണു, ആർക്കും പരുക്കില്ല.
ഇന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അെലര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അെലര്‍ട്ടിന് സമാനമായ അതിതീവ്രമഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍) ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഞായര്‍ രാത്രി മുതലാണു സംസ്ഥാനത്തു മഴ ശക്തമായത്.
ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വ്യാഴാഴ്ചവരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതും കാലവര്‍ഷപ്പാത്തി തെക്കുഭാഗത്തേക്കു മാറിയതും മഴയ്ക്ക് അനുകൂലസാഹചര്യമൊരുക്കുന്നു.
ജില്ലാ, താലൂക്ക് തലങ്ങളില്‍ അടിയന്തര ദൗത്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണു ദേശീയ ദുരന്തപ്രതികരണസേനയെ വിന്യസിച്ചത്.
മഴയാണ്, ഇവ അരുത്
* ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാനോ മുറിച്ചുകടക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങരുത്.
* മലയോരമേഖലകളിലേക്കു രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണം.
* കടലാക്രമണസാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അധികൃതരുടെ നിര്‍ദേശാനുസരണം അപകടമേഖലകളില്‍നിന്നു മാറിത്താമസിക്കണം.
* ബീച്ച് സന്ദര്‍ശനവും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
* കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്.